പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമിൻറെ മാരകമായ ഡോസ് നൽകിയത് ‘കെറ്റാമൈൻ ക്വീൻ’ എന്നറിയപ്പെടുന്ന ജസ്വീൻ സംഗ എന്ന സ്ത്രീയാണെന്ന് ഫെഡറൽ ഏജൻസി റിപ്പോർട്ട് പറയുന്നു.
ന്യൂയോര്‍ക്ക്: കഴിഞ്ഞ വർഷം നടൻ മാത്യു പെറി മരിച്ച സംഭവത്തിൽ അഞ്ച് പേര്‍ക്കെതിരെ ഫെഡറല്‍ ഏജന്‍സി കേസ് എടുത്തു. പെറിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടറും നടന്‍റെ അസിസ്റ്റന്‍റും ഉൾപ്പെടെ അഞ്ചുപേരാണ് കേസില്‍ പ്രതികള്‍ ഇതില്‍ മൂന്നുപേര്‍ കസ്റ്റഡിയിലാണ് എന്നാണ് ലോസ് ഏഞ്ചൽസിലെ ഫെഡറൽ ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
“കെറ്റാമൈൻ ക്വീൻ” എന്നറിയപ്പെടുന്ന ജസ്വീൻ സംഗ എന്ന സ്ത്രീയും കേസില്‍ ഉള്‍പ്പെട്ടവരിലുണ്ട്. ഫെഡറല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പറയുന്നതനുസരിച്ച് പെറിയുടെ മരണത്തിലേക്ക് നയിച്ച കെറ്റാമിന്‍റെ മാരകമായ ഡോസ് സംഗയാണ് നൽകിയത്.
41-കാരിയായ, ബ്രിട്ടീഷ്-അമേരിക്കൻ ഇരട്ട പൗരത്വമുള്ള ജസ്വീൻ സംഗ, അപകടകരമായ മയക്കുമരുന്ന് വിതരണത്തിൽ പങ്കാളിയാണെന്നും ഇവരെ വളരെക്കാലമായി നിരീക്ഷിച്ചുവരുകയുമാണെന്ന് ഫെഡറൽ ഏജന്‍സി അറിയിച്ചു. “ലോസ് ഏഞ്ചൽസിലെ കെറ്റാമൈൻ രാജ്ഞി” എന്ന് വിളിക്കപ്പെടുന്ന ജസ്വീൻ സംഗ തന്‍റെ നോർത്ത് ഹോളിവുഡ് വീട്ടിൽ നിന്ന് മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നതായി പറയുന്നു. അവിടെ അവർ വിവിധ മയക്കുമരുന്നുകൾ സംഭരിക്കുകയും പാക്കേജ് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.
ഒരു ഫെഡറൽ കുറ്റപത്രം അനുസരിച്ച്, മെത്താംഫെറ്റാമൈൻ, കൊക്കെയ്ൻ, സനാക്സ് പോലുള്ള മയക്കുമരുന്നുകള്‍ വില്‍ക്കുന്ന “മയക്കുമരുന്ന് വിൽക്കുന്ന എംപോറിയം” എന്നാണ് അവളുടെ താമസസ്ഥലത്തെ വിശേഷിപ്പിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 28 നാണ് പെറി മരിച്ചത്. വളരെക്കാലമായി ലഹരിക്ക് അടിമയായിരുന്ന ‘ഫ്രണ്ട്സ്’ നടന്‍ കെറ്റാമൈൻ അമിതമായി കഴിച്ചത് മൂലമാണ് മരണം സംഭവിച്ചതെന്ന് പിന്നീട് കണ്ടെത്തി. ഫെഡറല്‍ ഏജന്‍സി അന്വഷണത്തില്‍ എറിക് ഫ്ലെമിംഗ് എന്ന ബ്രോക്കർ മുഖേനയാണ് പെറി കെറ്റാമിന്‍ വാങ്ങിയത് എന്ന് മനസിലായി ഇതാണ് ജസ്വീൻ സംഗയിലേക്ക് നയിച്ചത്.
പെറിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്‌ചകളിൽ രണ്ട് വ്യത്യസ്ത ഡീലുകളിലായി 50 കെറ്റാമൈൻ കുപ്പികൾ ജസ്വീൻ സംഗ ഫ്ലെമിങ്ങിന് നൽകിയതായി കോടതി രേഖകൾ പറയുന്നു. ഒക്‌ടോബർ 13-ന് പെറി ആദ്യമായി മരുന്ന് ഉപയോഗിച്ചതായും പിന്നീട് ഒക്‌ടോബർ 14-നും 24-നും പെറിയുടെ വീട്ടിലേക്ക് രണ്ട് വലിയ ഡോസുകള്‍ ഫ്ലെമിംഗ് എത്തിച്ചുവെന്നും കുറ്റപത്രം ആരോപിക്കുന്നു.
2023 ഒക്ടോബറിൽ പെറിയുടെ മരണത്തെത്തുടർന്ന് ഫെഡറല്‍ ഏജന്‍സി വിപുലമായ അന്വേഷണം നടത്തിയതായി യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞു. “പെറിക്കും അയാളുടെ അടുത്തവര്‍ക്കും വലിയ അളവിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഗ്യാങ്ങുകളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി” മാർട്ടിൻ എസ്ട്രാഡ കൂട്ടിച്ചേര്‍ത്തു.