ചൈനയുടെ ബഹിരാകാശ ദൗത്യത്തിൽ ഇതാദ്യമായി ഒരു പാകിസ്ഥാൻ പൗരനും. ഇന്ന് വിക്ഷേപിച്ച ഷെൻഷൗ-24 ദൗത്യത്തിൽ പാകിസ്ഥാൻ വ്യോമസേനയിലെ പൈലറ്റായ മുഹമ്മദ് സീഷൻ അലി പേലോഡ് സ്‌പെഷ്യലിസ്റ്റായാണ് പങ്കുചേർന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ പാകിസ്ഥാൻ പൗരനും, ചൈനയുടെ ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ വിദേശിയുമാണ് 40-കാരനായ സീഷൻ അലി. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ഇന്ന് രാവിലെയാണ് ലോങ് മാർച്ച്-2എഫ് റോക്കറ്റ് ഉപയോഗിച്ചാണ് പേടകം വിക്ഷേപിച്ചത്.
ചൈനയുടെ സ്വന്തം ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ആദ്യമായി ഒരു വിദേശ ബഹിരാകാശ സഞ്ചാരിയെ എത്തിക്കുന്ന ദൗത്യം എന്ന നിലയിൽ ഷെൻഷൗ-24 ആഗോളതലത്തിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് വിലക്കപ്പെട്ടതിനെത്തുടർന്നാണ് ചൈന സ്വന്തമായി ടിയാൻഗോങ് നിലയം നിർമ്മിച്ചത്. ഇപ്പോൾ മറ്റ് രാജ്യങ്ങളിലെ സഞ്ചാരികൾക്കായി തങ്ങളുടെ നിലയം തുറന്നുകൊടുക്കുന്നതിന്റെ തുടക്കമാണ് ഈ ദൗത്യം.
ഏഴ് മാസത്തോളം ചൈനയിൽ കഠിനമായ പരിശീലനവും ചൈനീസ് ഭാഷാ പഠനവും പൂർത്തിയാക്കിയ ശേഷമാണ് സീഷാൻ അലി ഈ യാത്രയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ചൈനീസ് സഞ്ചാരികളായ ടാങ് ഹോങ്ബോയും വു യിയും ആറുമാസത്തോളം ടിയാൻഗോങ്ങിൽ തുടരുമ്പോൾ, സീഷാൻ അലി ഒരാഴ്ചയോളം മാത്രമേ ബഹിരാകാശ നിലയത്തിൽ ഉണ്ടാകുകയുള്ളൂ. നിലവിൽ നിലയത്തിലുള്ള ഷെൻഷൗ-23 സംഘത്തോടൊപ്പം അദ്ദേഹം ഭൂമിയിലേക്ക് മടങ്ങും.








