ദുബായ്: ദുബായിലെ അഞ്ച് പ്രധാന റോഡുകളില്‍ വേഗപരിധി മാറ്റി നിശ്ചയിച്ചു. വേഗമേറിയ യാത്രയ്ക്കൊപ്പം സുരക്ഷയും ഉറപ്പാക്കുന്ന തരത്തിലാണ് മാറ്റങ്ങള്‍. പുതുക്കിയ വേഗപരിധി നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ( Speed limits to rise and fall on five roads in Dubai)
യാത്രാക്ലേശം പരിഹരിക്കാനും റോഡ് സുരക്ഷ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ പഠനത്തിനു ശേഷമാണ് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വേഗപരിധിയില്‍ മാറ്റം കൊണ്ടുവന്നത്. മൂന്ന് പ്രധാന റോഡുകളില്‍ വേഗപരിധി ഉയര്‍ത്തിയപ്പോള്‍, അപകടസാധ്യതയും ഗതാഗതസാന്ദ്രതയും കണക്കിലെടുത്ത് രണ്ട് റോഡുകളില്‍ വേഗം കുറച്ചിട്ടുണ്ട്.അല്‍ അസായല്‍ സ്ട്രീറ്റില്‍ ഔദ് മേത്ത സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയിലുള്ള ഭാഗത്ത് വേഗപരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 80 കിലോമീറ്ററായി ഉയര്‍ത്തി.
അല്‍ മുസ്തഖ്ബല്‍ സ്ട്രീറ്റിലെ ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഇടയില്‍ മണിക്കൂറില്‍ 60 കിലോമീറ്ററില്‍ നിന്ന് 70 കിലോമീറ്ററാക്കി.ലത്തീഫ ബിന്ത് ഹംദാന്‍ സ്ട്രീറ്റില്‍ ഷെയ്ഖ് സായിദ് റോഡിനും അല്‍ ഖൈല്‍ റോഡിനും ഇടയിലുള്ള മേഖലയില്‍ പരിധി 60-ല്‍ നിന്ന് 70 കിലോമീറ്ററായി വര്‍ധിപ്പിച്ചു.
അതേസമയം അല്‍ രിബാത്ത് സ്ട്രീറ്റ്: മറാക്കേഷ് സ്ട്രീറ്റിനും ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിനും ഇടയില്‍ മണിക്കൂറില്‍ 100 കിലോമീറ്ററായിരുന്ന വേഗപരിധി 90 കിലോമീറ്ററായി കുറച്ചു.സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റിനും ഖാലിദ് ബിന്‍ അല്‍ വലീദ് സ്ട്രീറ്റിനും ഇടയില്‍ പരിധി 80-ല്‍ നിന്ന് 70 കിലോമീറ്ററാക്കി ചുരുക്കിയിട്ടുണ്ട്.
വാഹനപ്പെരുപ്പം, കാല്‍നടയാത്രക്കാരുടെ സാന്നിധ്യം, സമീപത്തെ വികസന പ്രവര്‍ത്തനങ്ങള്‍ മറ്റു വിവിധ മാനദണ്ഡങ്ങള്‍ എന്നിവ കണക്കിലെടുത്താണ് തീരുമാനം.നവംബര്‍ ഒന്നിന് മാറ്റങ്ങള്‍ നടപ്പിലാകുന്നതിന് മുന്നോടിയായി ഈ റോഡുകളിലെ വേഗപരിധി ബോര്‍ഡുകള്‍ മാറ്റിവെക്കുന്ന ജോലികള്‍ ആര്.ടി.എ ആരംഭിച്ചു.








