ഛത്തീസ്ഗഡ്: മതപരിവർത്തനം ആരോപിച്ചുള്ള ന്യൂനപക്ഷ പീഡനവും സംഘർഷവും വർധിച്ചതോടെ ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുന്നിൽ മുന്നറിയിപ്പ് ബോർഡ്. ‘ക്രിസ്ത്യാനികൾ അല്ലാത്തവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക’ എന്നാണ് ബോർഡിൽ ഉള്ളത്. ക്രിസ്ത്യൻ പള്ളി അധികൃതർ തന്നെയാണ് ബോർഡ് സ്ഥാപിച്ചത്. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിലെ 10 ഓളം പള്ളികൾക്ക് മുന്നിലാണ് ബോർഡുകൾ സ്ഥാപിച്ചത്.
116 വർഷം പഴക്കമുള്ള സുന്ദർഗഞ്ച് മെനോനൈറ്റ് പള്ളിക്ക് പുറത്ത് സ്ഥാപിച്ചരിക്കുന്ന ബോർഡിൽ “സഭാ ഭരണസമിതിയുടെ ചട്ടങ്ങൾ പ്രകാരം, ആരാധനയ്ക്കായി പള്ളിയിൽ പ്രവേശിക്കാൻ ക്രിസ്ത്യാനികൾക്ക് മാത്രമേ അനുവാദമുള്ളൂ. സ്വമേധയാ പ്രവേശിക്കുന്ന മറ്റുള്ളവർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കുക” ഇങ്ങനെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത്തരത്തിൽ നിരവധി പള്ളികൾക്ക് മുന്നിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഛത്തീസ്ഗഢ് മതസ്വാതന്ത്ര്യ നിയമം, 2026 പ്രകാരമുള്ള നടപടികൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഇവ പ്രധാനമായും സ്ഥാപിച്ചിരിക്കുന്നത്. ഒരു മതത്തിൽ നിന്ന് മറ്റൊരു മതത്തിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വ്യക്തി ബന്ധപ്പെട്ട അധികാരിക്ക് സത്യപ്രസ്താവന സമർപ്പിക്കണമെന്നാണ് ഈ നിയമത്തിലെ വ്യവസ്ഥകളിലൊന്ന്.







