തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി, രമ്യ ഹരിദാസ് എംഎൽഎ KPCC അന്വേഷണസമിതിക്ക് മുന്നിലെത്തി. എം എം ഹസനെ കാണാൻ രമ്യ ഹരിദാസ് കെപിസിസിയിൽ എത്തി. കയ്യാങ്കളി വിവാദം അന്വേഷിക്കുന്ന സമിതിയുടെ ചെയർമാനാണ് എം എം ഹസൻ. മാധ്യമങ്ങളുടെ ചോദ്യത്തിന് രമ്യ ഹരിദാസ് പ്രതികരിച്ചില്ല.
ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിനിടെ രമ്യ ഹരിദാസ് ഇന്ന് രാവിലെ എംഎൽഎ ഓഫീസിൽ എത്തി. രാവിലെ ചിറയിൻകീഴിലെ ഓഫീസിലെത്തിയ രമ്യ ഹരിദാസിനെ പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. നിയമസഭ കമ്മിറ്റിക്ക് ശേഷം കെപിസിസി നിയോഗിച്ച അന്വേഷണ സമിതിക്ക് മുമ്പാകെ എത്തുമെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. കൂടുതൽ പ്രതികരണങ്ങൾക്ക് എംഎൽഎ തയ്യാറായില്ല. വ്യാജ വാർത്തകളാണ് നൽകുന്നതെന്ന് ആരോപിച്ച് എംഎൽഎ അനുകൂലികൾ മാധ്യമങ്ങളോട് കയർത്തു.
ചൊവ്വാഴ്ച വൈകിട്ടോടെ രമ്യ ഹരിദാസ് മണ്ഡലത്തിൽ എത്തിയിരുന്നു. കെപിസിസി നേതൃത്വം കടുത്ത അതൃപ്തി പ്രകടിപ്പിച്ചതോടെ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാനുള്ള തീരുമാനത്തിൽനിന്ന് രമ്യ ഹരിദാസ് അയഞ്ഞിരുന്നു. രാവിലെ ഓഫീസിലെത്തിയ എംഎൽഎയ്ക്കൊപ്പം പാളയം പ്രദീപ് ഇല്ല. നേരത്തെ, പാളയം പ്രദീപിനെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു.






