കൊച്ചി: ലഹരി കച്ചവടത്തിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കൂടുതല്‍ കേസുകള്‍ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തുന്നു. പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസിന് പുറമേ കൂടുതല്‍ കേസുകളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഇ ഡി ഇന്റലിജന്‍സ് വിഭാഗം ശേഖരിച്ചു. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ കാസര്‍ഗോഡ് എംഡിഎംഎ കേസിന്റെ വിവരങ്ങള്‍ അടക്കം ഇ ഡി ശേഖരിച്ചുവെന്നാണ് വിവരം. (ED steps in to investigate more drug cases)
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഹരി സംഘങ്ങളെ ട്രാക്ക് ചെയ്യാനും പിടികൂടാനും കഴിഞ്ഞ സാഹചര്യത്തിലാണ് കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇ ഡി കൂടി എത്തുന്നത്. പെരുമ്പാവൂരില്‍ 28 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവായിരുന്നു പിടികൂടിയത്. കേസില്‍ വൈപ്പിന്‍ സ്വദേശികളായ ദമ്പതികളെയാണ് അറസ്റ്റ് ചെയ്തിരുന്നത്. കേസിന്റെ ഭാഗമായി ഇഡി കോഴിക്കോട് ബാലുശ്ശേരിയിലും എരഞ്ഞിപ്പാലത്തും പരിശോധനകള്‍ നടത്തിയിരുന്നു. കോഴിക്കോട് എംഡിഎംഎ കേസിലും ഇ ഡി സമാനമായി പരിശോധനകള്‍ നടത്തിയിരുന്നു. ഇത്തരം കേസുകളില്‍ രാജ്യാന്തര തലത്തിലെ കള്ളപ്പണം വെളുപ്പിക്കല്‍ മാഫിയകള്‍ക്ക് പങ്കുണ്ടോ എന്ന സംശയത്തിലാണ് ഇഡിയുടെ ചടുലമായ നീക്കങ്ങള്‍.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായ കൂടുതല്‍ കേസുകള്‍ ഇ ഡിയുടെ റഡാറില്‍ വരുന്നുണ്ട്. ഇതില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസും ഉണ്ടെന്നതാണ് ശ്രദ്ധേയം. പ്രതികളുടെ റിയല്‍ എസ്റ്റേസ്റ്റ് ബന്ധങ്ങള്‍, പണമിടപാടുകള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയവ ഇ ഡി വിശദമായി പരിശോധിക്കും.






