ദില്ലി പൊലീസിന്റെ അറസ്റ്റ് നീക്കവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്. തിടുക്കപ്പെട്ടുള്ള പൊലീസ് നീക്കത്തില്‍ ഐഷി ദുരൂഹത ആരോപിച്ചു. സമരക്കാരെ ലക്ഷ്യമിടുന്നുവെന്നും ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നുവെന്നും ഐഷി പറഞ്ഞു.
താന്‍ നാളെ കോടതിയില്‍ ഹാജരാകും എന്ന് പൊലീസിനെ അറിയിച്ചിരുന്നുവെന്ന് ഐഷി പറഞ്ഞു. തിടുക്കപ്പെട്ടുള്ള പൊലീസ് നീക്കത്തില്‍ ദുരൂഹതയുണ്ട്. എവിടെയും ഒളിവില്‍ പോയിരുന്നില്ല. മുന്നറിയിപ്പില്ലാതെ വന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഭീതി പടര്‍ത്താനാണ്. ഏത് പൊലീസാണ് മഫ്തിയില്‍ സ്വകാര്യ വാഹനത്തില്‍ വന്ന് ഇത്തരം നടപടികള്‍ ചെയ്യുന്നത്. പൊലീസ് നിയമവിരുദ്ധമായ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. ഞാന്‍ എകെജി ഭവനില്‍ എത്തിയെന്ന വിവരം പൊലീസിന് എങ്ങനെ ലഭിച്ചു എന്നറിയില്ല. നോട്ടീസ് നല്‍കണമായിരുന്നെങ്കില്‍ വീട്ടിലോ എസ്എഫ്‌ഐ ഓഫീസിലോ നല്‍കാമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥ യൂണിഫോം ധരിക്കാതെയാണ് എത്തിയത്. എല്ലാവരും കണ്ടതാണ്. ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. വാറണ്ട് പുറപ്പെടുവിച്ചത് ഏപ്രില്‍ 15നാണ്. എന്തിനാണ് ഇപ്പോഴൊരു അറസ്റ്റ് നീക്കം- വിദ്യാര്‍ഥി നേതാവ് ചൂണ്ടിക്കാട്ടി.
തങ്ങളുടെ ഫോണുകളും ചോര്‍ത്തപ്പെടുന്നുണ്ടെന്നും മെയിലുകള്‍ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും ഐഷി ആരോപിച്ചു. തങ്ങള്‍ പരസ്പരം അയക്കുന്ന സന്ദേശങ്ങള്‍ പോലീസ് അറിയുന്നു. പലതും ലീക്ക് ആവുന്നു. പഴയ കേസുകള്‍ ആയുധമാക്കുകയാണ്. സമരക്കാരെ ലക്ഷ്യമിടുന്നു. ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്തുന്നു. തനിക്കെതിരെ പട്യാല ഹൗസ് കോടതിയില്‍ 12 കേസുകള്‍ ഉണ്ട്. നിരവധി വാറണ്ട് വന്നിട്ടുണ്ട്. എന്നാല്‍് ഇങ്ങനെ ഒരു അനുഭവം ഇതാദ്യമാണ്. ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. കോടതികള്‍ സ്വതന്ത്രമായി നിക്ഷപക്ഷമായി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ കോടതിയുടെ നടപടികളില്‍ ഇടപെടരുത് – ഐഷി ഘോഷ് പറഞ്ഞു.
വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ച എംപിമാര്‍ക്ക് അവര്‍ നന്ദി പറഞ്ഞു. മാധ്യമങ്ങള്‍ക്കും കോടതിക്കും അഭിഭാഷകര്‍ക്കും ഐഷി നന്ദി അറിയിച്ചു.






