വി ഡി സതീശൻ സർക്കാർ അധികാരത്തിലേറി ആദ്യമാസം പിന്നിടുമ്പോൾ ജനകീയ ആവശ്യങ്ങൾ നടപ്പാക്കാനായാത് നല്ല കാര്യമെന്ന് സണ്ണി എം കപിക്കാട്. കെ റെയിലിലും ആശാ സമരത്തിലും ജനകീയ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീകൾക്കുള്ള സൗജന്യ യാത്രയും ഗുണകരമായി. എന്നാൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പുതിയ പദ്ധതികൾ കൊണ്ടുവരേണ്ടതുണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
ഭരണപക്ഷത്തിന് ആനന്ദിക്കാനും, പ്രതിപക്ഷത്തിന് ആയുധമാക്കാനും അവസരങ്ങൾ ധാരാളം നൽകിയ ഒരു മാസമാണ് കടന്നുപോയത്. മന്ത്രി സ്‌റ്റാഫിലെ ബന്ധുനിയമനവും, പ്ലീഡർ നിയമന വിവാദവും പി എം ശ്രീ പദ്ധതിയിലെ മുൻ നിലപാടിൽ നിന്നുള്ള മലക്കംമറിച്ചിലും ആദ്യമാസത്തിലെ കല്ലുകടിയായി ശേഷിക്കുന്നു.ആശാവർക്കേഴ്സിന്റെ പ്രതിമാസ വേതനം 3000 രൂപ വർധിപ്പിച്ചത്,വയോജന വകുപ്പിന്റെ രൂപീകരണം, കൂരമ്പുകൾക്കൊടുവിൽ മൂന്നുദിവസം മുമ്പ് നടപ്പാക്കിയ പ്രിയദർശനി പദ്ധതി. പ്രിയദർശനി തന്നെയാണ് നിറവേറ്റിയ വാഗ്ദാനങ്ങളിൽ ഏറ്റവും അധികം കയ്യടി നേടിയത്.
പ്രധാന തീരുമാനങ്ങളിൽ കൂടിയാലോചന ഉണ്ടാകുന്നില്ലേ എന്ന ചോദ്യം ആദ്യ മാസത്തിലെ ആഭ്യന്തര സംശയം. ഇടതു സർക്കാരിന് അനഭിമതനായിരുന്ന ബി അശോകിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാക്കിയത് ആർഎസ്എസുമായുള്ള ഡിലീൻ്റെ ഭാഗമെന്നും പ്രതിപക്ഷം കടുപ്പിക്കുന്നു. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചത് മുതൽ തുടങ്ങിയ വിവാദങ്ങൾ ഗവർണർ സർവകലാശാലകളിൽ നടത്തുന്ന കാവിവൽക്കരണ ആരോപണങ്ങളിൽ വരെ എത്തിനിൽക്കുന്നു.







