തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ, നിയമനങ്ങളും, സ്ഥലം മാറ്റങ്ങളും പുനഃപരിശോധിക്കും. അസിസ്റ്റന്റ് കമ്മീഷണര്‍ തസ്തികയിലേക്ക് നടന്ന സ്ഥലംമാറ്റം ഇന്ന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും. സ്ഥലംമാറ്റത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ദേവസ്വം മന്ത്രി കെ മുരളീധരന്‍ ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ളവര്‍ക്ക് ഉന്നത പദവി നല്‍കിയെന്ന ആക്ഷേപവും ശക്തമാണ്. . ശബരിമല സ്വര്‍ണക്കൊള്ളയില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ ഉന്നത സ്ഥാനങ്ങളില്‍ നിയമിച്ചെന്നാണ് ആരോപണം. പുതിയ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇത് തിരുത്തണമെന്ന് ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍, ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി കണക്കാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ചാര്‍ജ് ഷീറ്റിലെ കാര്യങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ അതില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
വിസിമാര്‍ തിരുവനന്തപുരത്തെ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സംഭവത്തിലും മന്ത്രി പ്രതികരണം നടത്തി. ഒരു മതത്തിന്റെ പേര് മാത്രം പറഞ്ഞു നടത്തുന്ന സമ്മേളനത്തില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരെയും പ്രതിനിധാനം ചെയ്യുന്ന യൂണിവേഴ്‌സിറ്റികളിലെ വി സിമാര്‍ പങ്കെടുക്കാന്‍ പാടിലായിരുന്നു. മുഖ്യമന്ത്രി മാപ്പ് പറയണമെങ്കില്‍ ആദ്യം മാപ്പ് പറയേണ്ടത് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവാണ്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് 4 വിസിമാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. വിസിമാര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിനെ മുഖ്യമന്ത്രി ശക്തമായി വിമര്‍ശിച്ചിട്ടുണ്ട് – അദ്ദേഹം വ്യക്തമാക്കി.








