നായകതാരം ഇരട്ട വേഷത്തില്‍
റീ റിലീസ് എന്നത് ഇന്ന് ഏത് സിനിമാ മേഖലയിലും സാധാരണമാണ്. മുന്‍കാല ചിത്രങ്ങള്‍ പുതിയ ദൃശ്യ, ശ്രാവ്യ മികവിലേക്ക് പുതുക്കി പുതുതലമുറ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് റീ റിലീസുകളുടെ പ്രധാന ലക്ഷ്യം. ഇതില്‍ വിജയചിത്രങ്ങള്‍ മാത്രമല്ല ഉള്ളത്. മറിച്ച് റിലീസ് സമയത്ത് പരാജയപ്പെട്ട് എന്നാല്‍ പില്‍ക്കാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളുമുണ്ട്. എന്നാല്‍ തെലുങ്കില്‍ നിന്ന് വന്നിരിക്കുന്ന ഏറ്റവും പുതിയ റീ റിലീസ് പ്രഖ്യാപനം ആദ്യ റിലീസ് സമയത്തേ വന്‍ വിജയം നേടിയ ഒരു ചിത്രത്തിന്‍റേതാണ്.
ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകരില്‍ ഒരാളായി എണ്ണപ്പെട്ട എസ് എസ് രാജമൗലി ഒരുക്കിയ ഒരു പഴയ ചിത്രമാണ് ഇത്. അച്ഛന്‍ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെ തിരക്കഥയൊരുക്കി, സംവിധാനം ചെയ്ത ചിത്രം വിക്രമാര്‍ക്കുഡു ആണ് അത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം 2006 ലാണ് പുറത്തെത്തിയത്. രവി തേജ നായകനായ ചിത്രത്തില്‍ അനുഷ്ക ഷെട്ടി ആയിരുന്നു നായിക.
കള്ളനും പൊലീസുമായി ഇരട്ട വേഷത്തിലെത്തിയ ഈ ചിത്രത്തിന്‍റെ ബജറ്റ് 11 കോടി ആയിരുന്നു. വന്‍ ജനപ്രീതിയും കളക്ഷനും നേടിയ ഈ ചിത്രം ലഭ്യമായ കണക്കുകള്‍ പ്രകാരം വിതരണക്കാര്‍ക്ക് മാത്രം 19 കോടി ഷെയര്‍ സമ്മാനിച്ചു. മാത്രമല്ല 5 ഭാഷകളിലേക്ക് പല കാലങ്ങളില്‍ റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. ആ റീമേക്കുകളില്‍ മിക്കതും വന്‍ വിജയങ്ങളായി മാറിയതും ചരിത്രം.
തമിഴ്, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലേത് കൂടാതെ ബംഗ്ലാദേശില്‍ ചിത്രത്തിന്‍റെ രണ്ട് റീമേക്കുകളും ഉണ്ടായി. ചിത്രത്തിന്‍റെ തമിഴ് റീമേക്ക് ആണ് കാര്‍ത്തി നായകനായി 2011 ല്‍ പുറത്തെത്തിയ സിരുത്തൈ. ഹിന്ദി റീമേക്ക് ആണ് അക്ഷയ് കുമാറിന്‍റെ റൗഡ് റാത്തോഡ് (2012). അതേസമയം വിക്രമാര്‍ക്കുഡുവിന്‍റെ റീ റിലീസ് ജൂലൈ 27 ന് ആണ്. റീ റിലീസിനോടനുബന്ധിച്ച് പുതിയ ട്രെയ്‍ലറും എത്തിയിട്ടുണ്ട്.