കൊച്ചി ബിനാലെ ഫൗണ്ടേഷനിൽ നിന്ന് ബോസ് കൃഷ്ണമാചാരിയുടെ രാജി ലൈംഗിക ആരോപണത്തെ തുടർന്ന്. ഒപ്പം ജോലി ചെയ്തിരുന്ന യുവതിയാണ് ബോസ് കൃഷ്ണമാചാരിക്ക് എതിരെ പരാതി നൽകിയത്.
പരാതി ലഭിച്ചെന്ന് ബിനാലെ ട്രസ്റ്റ് ചെയർമാൻ വി. വേണു സ്ഥിരീകരിച്ചു. എന്നാൽ കുടുംബപരമായ കാരണങ്ങളാൽ രാജിവെക്കുന്നു എന്നതാണ് ബോസ് കൃഷ്ണമാചാരി പറഞ്ഞിരുന്നത്.
ഇയാൾക്കെതിരെ ഉയർന്ന പരാതി ബിനാലെ ഇൻറ്റേണൽ കമ്മിറ്റി ചർച്ച ചെയ്തിരുന്നു. 2025 ഡിസംബറിൽ അപ്പാർട്ട്മെന്റിലേക്ക് ജോലിയുടെ ഭാഗം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും സ്പർശിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. പരാതി ബിനാലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ചർച്ചചെയ്യുകയും കൃഷ്ണമാചാരിയോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കൊച്ചി ബിനാലെയുടെ പ്രസിഡൻറ് ആയിരുന്ന ബോസ് കൃഷ്ണമാചാരി ജനുവരി 14നാണ് രാജിവെച്ചത്. 2012 മുതൽ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളർച്ചയിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് ബോസ് കൃഷ്ണമാചാരി. റിയാസ് കോമുവുമായി ചേർന്നാണ് കൊച്ചി മുസിരിസ് ബിനാലെയ്ക്ക് ബോസ് കൃഷ്ണമാചാരി തുടക്കമിടുന്നത്. ലൈംഗികാരോപണങ്ങൾ നേരിട്ടതിനേത്തുടർന്ന് 2018-ൽ റിയാസ് കോമുവിന് കൊച്ചി ബിനാലേയിൽനിന്ന് രാജിവെക്കേണ്ടിവന്നിരുന്നു.






