ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സില്‍ മെന്‍ററായിരുന്ന ഗംഭീറിനൊപ്പം ഫീല്‍ഡിംഗ് പരിശീലകനായിരുന്നു റോഡ്സ്. റോഡ്സിനെ പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കി
ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സഹപരിശീലകര്‍ക്കായുള്ള അന്വേഷണത്തിലാണ് ബിസിസിഐ. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് പരിശീലകരായി പല പ്രമുഖ താരങ്ങളുടെയും പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. തന്‍റെ സഹ പരിശീലകനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരെ വേണമെന്ന ഗൗതം ഗംഭീറിന്‍റെ ആവശ്യം ബിസിസിഐ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ ബൗളിംഗ് പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം വിനയ് കുമാറിന്‍റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചെങ്കിലും ബിസിസിഐ ഇത് തള്ളിയിരുന്നു. പകരം മുന്‍ ഇന്ത്യന്‍ പേസറായ സഹീര്‍ ഖാനെയും ലക്ഷ്മിപതി ബാലാജിയെയുമാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് ഇപ്പോള്‍ പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഫീല്‍ഡിംഗ് പരിശീലകനായി മുൻ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സിന്‍റെ പേര് ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചെങ്കിലും ഇതും ബിസിസിഐ തള്ളിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.