അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിന് കണ്ണൂരിലും കേസ് എടുത്ത് സൈബർ പൊലീസ്. സുനിൽമോൻ KM എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്‌ക്കെതിരെയാണ് കേസ്. അതിജീവിതയുടെ ഫോട്ടോ ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനാണ് നടപടി. അതിജീവിതയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിലാണ്.
ലൈംഗികപീഡനം-ഭ്രൂണഹത്യാ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽഎംഎൽഎയെ ആറ് ദിവസമായിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നാളെ തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് അന്വേഷണസംഘം. രാഹുൽ മുങ്ങാൻ ഉപയോഗിച്ച സിനിമാ താരത്തിന്റേതെന്ന് കരുതുന്ന ചുവന്ന കാർ സൂക്ഷിച്ചിരുന്നത് പാലക്കാട്ടെ കോൺഗ്രസ് നേതാവെന്നാണ് സൂചന.
അതേസമയം, അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിലാണ്. ജാമ്യാപേക്ഷ ഫയൽ ചെയ്യുന്നതിൽ തീരുമാനം ആയിട്ടില്ലെന്ന് രാഹുലിന്റെ ഭാര്യ ദീപയുടെ പ്രതികരണം. ചോദ്യം ചെയ്യലിന് ഹാജരാകാൻ രാഹുൽ ഈശ്വറിന് നോട്ടീസ് നൽകിയിരുന്നില്ലെന്നും കള്ളക്കേസ് ആണെന്നും ദീപ പറഞ്ഞു. 14 ദിവസത്തേക്കാണ് രാഹുൽ ഈശ്വറിനെ റിമാൻഡ് ചെയ്തത്. അന്വേഷണം നടക്കുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ ഇട്ടത് ചെറുതായി കാണാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം എസിജെഎം കോടതി രാഹുലിൻ്റെ ജാമ്യാപേക്ഷ തള്ളിയത്.







