ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് നായകനായി അഭിനയിച്ച് സൂപ്പർഹിറ്റായ ‘മെക്സിക്കൻ അപാരത’ എന്ന ചിത്രത്തിന്റെ യഥാർത്ഥ കഥ സിനിമയിൽ വന്നതിന്റെ നേർവിപരീതമായിരുന്നുവെന്ന് രൂപേഷ് പീതാംബരൻ. ചിത്രത്തിൽ രൂപേഷ് എന്ന് തന്നെ പേരുള്ള വില്ലൻ കഥാപാത്രത്തെ രൂപേഷ് പീതാംബരൻ അവതരിപ്പിച്ചിരുന്നു.
“ശരിക്കുമുള്ള സംഭവത്തിൽ, കെ.എസ്.യു കോളേജിൽ കൊടി കുത്താൻ, എസ്.എഫ്.ഐക്കാർ അനുവദിക്കില്ലായിരുന്നു. കാരണം മഹാരാജാസ് കോളേജ് അവരുടെ കുത്തകയായിരുന്നു. യഥാർത്ഥ സംഭവത്തിലെ കക്ഷിയായ ജിനോ മെക്സിക്കൻ അപാരതയിൽ അഭിനയിച്ചിട്ടുമുണ്ട്. ടോം ഇമ്മട്ടി എഴുതിയ തിരക്കഥയിൽ എസ്.എഫ്.ഐ വില്ലനായിരുന്നു. എന്നാൽ പടം വിജയിക്കണമെങ്കിൽ യഥാർത്ഥ സംഭവം നേരെ തിരിച്ചിടണമെന്നു ഞാൻ അവനോട് പറയുകയായിരുന്നു” രൂപേഷ് പീതാംബരൻ പറയുന്നു.
ടൊവിനോ തോമസിന്റെ സിനിമാ ജീവിതത്തിൽ വഴിത്തിരിവായി മാറിയ മെക്‌സിക്കൻ അപാരതയിൽ, യഥാർത്ഥ സംഭവത്തിലെ വിജയിയായ വ്യക്തിയായ ജിനോ ജോൺ ആണ് ചിത്രത്തിൽ കഞ്ചൻ എന്ന വില്ലൻ വേഷത്തെ അവതരിപ്പിച്ചത്.
“ഒരു കാര്യം ശ്രദ്ധിക്കേണ്ടത് ഞാനീ നിർദേശം പറഞ്ഞത് 2016ലാണ്, ഇപ്പോൾ 2025 ആണെന്നുള്ളത് എടുത്തു പറയണം. ഞാനത് പറയാൻ കാരണം സിനിമാ സ്‌ക്രീനിൽ വലിയൊരു പൊളിറ്റിക്സ് ഉണ്ട് എന്നതുകൊണ്ടാണ്. തിരക്കഥയിലെഴുതിയത് സത്യമാണെങ്കിലും തിരിച്ചിട്ടാലേ ഒരു വാണിജ്യ വിജയം ചിത്രത്തിന് കിട്ടൂ. അങ്ങനെ ചെയ്തെങ്കിൽ എന്താണ് പടം ബ്ലോക്ക്ബസ്റ്ററായില്ലേ?” ; രൂപേഷ് പീതാംബരൻ കൂട്ടിച്ചേർത്തു.









