ഹോളിവുഡ് യുവതാരം സിഡ്‌നി സ്വീനി ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. ‘യൂഫോറിയ’, ‘ദി വൈറ്റ് ലോട്ടസ്’ തുടങ്ങിയ പ്രശസ്തമായ സീരീസുകളിലൂടെ ആഗോള ശ്രദ്ധ നേടിയ സിഡ്‌നിക്ക് ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ റെക്കോർഡ് തുക വാഗ്ദാനം ചെയ്തതായാണ് റിപ്പോർട്ടുകൾ. ഏകദേശം 530 കോടി ഇന്ത്യൻ രൂപ (45 മില്യൺ പൗണ്ട്) ആണ് ഈ ചിത്രത്തിനായി പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇത് യാഥാർത്ഥ്യമാവുകയാണെങ്കിൽ ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലവും ഏറ്റവും ചെലവേറിയ ചിത്രവുമായി ഇത് മാറും. ദ സണ്‍ ആണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡിലെ ഒരു പ്രമുഖ നിർമാണ കമ്പനിയാണ് ഈ വലിയ പ്രോജക്റ്റിന് പിന്നിൽ. ഒരു ഇന്ത്യൻ സെലിബ്രിറ്റിയുമായി പ്രണയത്തിലാകുന്ന അമേരിക്കൻ യുവതിയുടെ കഥാപാത്രത്തെയാണ് സിഡ്‌നി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പേരോ, സംവിധായകനോ, കൂടെ അഭിനയിക്കുന്ന നടനോ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2026-ൻ്റെ തുടക്കത്തിൽ ന്യൂയോർക്ക്, പാരീസ്, ലണ്ടൻ, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ആഗോള പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് നിർമാതാക്കൾ ഇത്രയും വലിയ തുക മുടക്കാൻ തയ്യാറായത്.
ഈ ഓഫർ സിഡ്‌നി സ്വീനി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഈ വലിയ പ്രോജക്റ്റിനെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നവംബർ 7-ന് പുറത്തിറങ്ങുന്ന ‘ക്രിസ്റ്റി’ ആണ് സിഡ്‌നിയുടേതായി വരാനിരിക്കുന്ന അടുത്ത ചിത്രം. ഇന്ത്യൻ സിനിമയിലേക്ക് ഒരു ഹോളിവുഡ് താരത്തിന്റെ വരവ് എന്നത് സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ ആകാംഷ നൽകുന്ന ഒരു വാർത്തയാണ്.









