മാർച്ച് 10 ന് ആരംഭിച്ച സീസണ്‍ ജൂണ്‍ 16 നാണ് അവസാനിച്ചത്
ബിഗ് ബോസ് മലയാളത്തിന്‍റെ ഏറ്റവും പുതിയ സീസണ്‍ ആയ സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെയോടെ അവസാനിച്ചത് ജൂണ്‍ 16 ന് ആയിരുന്നു. ജിന്‍റോ ആയിരുന്നു ടൈറ്റില്‍ വിജയി. ഷോ നേടിയ ജനപ്രീതിയെക്കുറിച്ചും വോട്ടിംഗിലും മറ്റും സംഭവിച്ച വര്‍ധനവിനെക്കുറിച്ചും ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 6 ന്‍റെ ജനപ്രീതി വെളിവാക്കുന്ന ബാര്‍ക് റേറ്റിംഗ് കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
ജൂണ്‍ 16 ന് നടന്ന സീസണ്‍ 6 ഗ്രാന്‍ഡ് ഫിനാലെ നേടിയ റേറ്റിംഗ് 18 ടിവിആര്‍ ആണ്. ഇതുവരെ നടന്ന എല്ലാ സീസണുകളിലും വച്ച് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ആണ് ഇത്. ടെലിവിഷനിലേതിനൊപ്പം ഒടിടിയിലൂടെയുള്ള കാണികളിലും വലിയ വളര്‍ച്ചയാണ് ബിഗ് ബോസ് മലയാളം നേടിയിരിക്കുന്നത്. ബാര്‍ക്കിന്‍റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 2.7 കോടിയിലധികം ആളുകളിലേക്ക് ബിഗ് ബോസ് മലയാളം സീസണ്‍ 6 എത്തി. സീസണ്‍ 5 നോട് താരതമ്യപ്പെടുത്തുമ്പോള്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ 35 ശതമാനം വര്‍ധനവാണ് സീസണ്‍ 6 നേടിയത്. ആകെ വോട്ടിംഗില്‍ സംഭവിച്ച വര്‍ധനവ് 69 ശതമാനമാണ്. ഫിനാലെ ആഴ്ചയിലെ വോട്ടിംഗില്‍ മാത്രം 87 ശതമാനം വര്‍ധന ഉണ്ടായി.
സോഷ്യല്‍ മീഡിയ ഇടപെടല്‍ 100 ശതമാനം വര്‍ധിച്ചപ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലെ പ്രേക്ഷകരുടെ എണ്ണത്തില്‍ 55 ശതമാനം വര്‍ധനവാണ് ഉണ്ടായത്. മാർച്ച് 10 ന് ആരംഭിച്ച സീസണ്‍ 6 ല്‍ വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളില്‍ നിന്ന് എത്തിയ 25 മത്സരാര്‍ഥികളാണ് എത്തിയത്. ഇതില്‍ ആറ് പേര്‍ വൈല്‍ഡ് കാര്‍ഡുകളായാണ് എത്തിയത്.