സംഭവവുമായി നേരിട്ടു ബന്ധമുള്ള മലയാളികളായ രണ്ടു സ്ത്രീകളടക്കം നാലുപേർ പൊലീസ് നിരീക്ഷണത്തിലാണ്. സംഘത്തിലെ പ്രധാനികളെ കുറിച്ചടക്കം പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
ഓഹരി വിപണിയിലൂടെ വൻതോതിൽ പണം ലാഭം വാഗ്ദാനം ചെയ്ത് ചേർത്തലയിലെ ഡോക്ടർ ദമ്പതിമാരിൽ നിന്നും 7.65 കോടി തട്ടിയ സംഘത്തിലെ മൂന്നുപേർ പൊലീസിന്റെ പിടിയിലായി. തട്ടിപ്പിനിരയായ ചേർത്തല സ്വദേശിയായ ഡോ. വിനയകുമാറിന്റെയും, ഡോ. ഐഷയുടെയും പണം അയച്ച അക്കൗണ്ടുകളും, മൊബെയിൽ ഫോൺ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെ പിടികൂടിയത്.
കോഴിക്കോട് കൊടുവള്ളി കൊടകുന്നുമ്മേൽ കുന്നയേർ വീട്ടിൽ മുഹമ്മദ് അനസ്(25), കോഴിക്കോട് ഓമശ്ശേരി പുത്തൂർ ഉള്ളാട്ടൻപ്രായിൽ പ്രവീഷ്(35), കോഴിക്കോട് കോർപ്പറേഷൻ ചൊവ്വായൂർ ഈസ്റ്റ് വാലി അപ്പാർട്ട്മെന്റ് അബ്ദുൾസമദ് (39) എന്നിവരാണ് കേസിൽ പിടിയിലായത്. ചേർത്തല സ്റ്റേഷൻ ഇൻസ്പക്ടർ ജി പ്രൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
ഇവരിൽ നിന്നും 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി ഉടൻ പിടിയിലാകുമെന്ന് ചേർത്തല ഡിവൈഎസ്പി എസ് ഷാജി പറഞ്ഞു. സംഭവവുമായി നേരിട്ടു ബന്ധമുള്ള മലയാളികളായ രണ്ടു സ്ത്രീകളടക്കം നാലുപേർ പൊലീസ് നിരീക്ഷണത്തിലാണ്. സംഘത്തിലെ പ്രധാനികളെ കുറിച്ചടക്കം പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ഓഹരിവിപണിയില്‍ വന്‍ ലാഭം നേടിതരാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ചാണ് ഡോക്ടർ ദമ്പതിമാ ഇത്രയും തുക മുടക്കിയതെന്ന് പൊലീസ് പറഞ്ഞു.