ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10 ന് റിലീസ് ചെയ്യും. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ മമ്മൂട്ടി ആരാധകർ ഏറ്റെടുത്തിരുന്നു. ആദ്യം ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേയ്ക്ക് റിലീസ് ചെയ്യും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റുകയായിരുന്നു.
പിന്നീട് മോഹൻലാലിന്റെ എമ്പുരാനൊപ്പം ബസൂക്ക ക്ലാഷ് റിലീസ് ചെയ്യും എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകളുണ്ടായിരുന്നുവെങ്കിലും ഇപ്പോൾ അണിയറപ്രവർത്തകരും മമ്മൂട്ടിയും സോഷ്യൽ അക്കൗണ്ടുകളിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക റീലിസ് തീയതി ഏപ്രിൽ 10 ആണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ, ജഗദീഷ്, ഷൈൻ ടോം ചാക്കോ, ഭാമ അരുൺ, ഐശ്വര്യ മേനോൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഏറെ നാളുകളായി റിലീസ് മാറ്റിവെയ്ക്കപ്പെട്ട ബസൂക്കയിൽ ഒരുമിച്ച് അഭിനയിച്ച് ശേഷം ഗൗതം മേനോൻ മമ്മൂട്ടിയോട് പറഞ്ഞ കഥയായിരുന്നു പിന്നീട് ‘ഡൊമിനിക്ക് ആൻഡ് ദി ലേഡീസ്’ എന്ന ചിത്രമായി മാറിയത് എന്നതും ശ്രദ്ധേയമാണ്.
നവാഗത സംവിധായകൻ ഡീനോ ഡെന്നിസ് തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകനാണ്. റിലീസ് തീയതി അറിയിച്ച് അണിയറപ്രവർത്തകർ പുറത്തു വിട്ട പോസ്റ്ററിൽ സ്റ്റൈലിഷ് ലുക്കിൽ സ്യൂട്ട് ധരിച്ച് വിന്റജ് കാറിൽ കൈവെച്ച് നിൽക്കുന്ന മമ്മൂട്ടിയെ കാണാം.
ടോൾവിൻ കുര്യാക്കോസ്, വിക്രം മെഹ്‌റ, റോഹൻദീപ് സിങ് എന്നിവർ ചേർന്ന് യോഡ്ലീ ഫിലിംസ്, തിയറ്റർ ഓഫ് ഡ്രീംസ് എന്നീ പ്രൊഡക്ഷൻ കമ്പനികളുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് നിമിഷ് രവിയാണ്.








