പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും സർക്കാരിന്റേയും ഏറ്റവും ശക്തമായ ഇടപെടലായിരുന്നു ഓപ്പറേഷൻ അനന്ത. ആ പദ്ധതി പരാജയപ്പെട്ടതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ശുചീകരണ തൊഴിലാളി മാലിന്യക്കൂമ്പാരത്തിലേക്ക് ഒഴുകിപ്പോയ സംഭവം. കോടികള്‍ മുടക്കിയ പദ്ധതികള്‍ക്ക് എന്ത് സംഭവിച്ചുവെന്നറിയാം
ആമയിഴഞ്ചാൻ തോട് റെയിൽവെ ട്രാക്കിനടിയിൽ കൂടി കടന്ന് പോകുന്ന ഭാഗം വീതികൂട്ടുന്നതിന് ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തയ്യാറാക്കിയ രൂപരേഖയിലും നടന്നത് വലിയ അട്ടിമറി. പ്രീ ഫാബ്രിക് ടെക്നോളജി ഉപയോഗിച്ച് ഓവുചാലിന്‍റെ വീതികൂട്ടാനുള്ള വിശദമായ പദ്ധതി രേഖ മുന്നിലുണ്ടായിട്ടും സര്‍ക്കാര്‍ തലത്തിൽ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സ്ഥാപിച്ച ക്യാമറകളെ കുറിച്ചുപോലും ഇല്ല ആര്‍ക്കും ഒരു വിവരവും.
മഴയൊന്ന് ആഞ്ഞ് ചാറിയാൽ വെള്ളം കെട്ടുന്ന തലസ്ഥാന നഗരത്തിലെ ദുരവസ്ഥ മാറണമെങ്കിൽ ആമയിഴഞ്ചാൻ തോട് തടസമില്ലാതെ ഒഴുകണം. 140 മീറ്റർ റെയിൽവെ ട്രാക്കിനടിയിലൂടെ കടന്നു പോകുന്ന ടണലിന്‍റെ വീതി കൂട്ടണം. കയ്യേറ്റം ഒഴിപ്പിക്കണം. ഓപ്പറേഷൻ അനന്തക്ക് രൂപരേഖ ആയതിന് പിന്നാലെ ഊറ്റുകുഴി മുതൽ കയ്യേറ്റ ഒഴിപ്പിച്ച് ആദ്യഘട്ടം പൂർത്തിയാക്കി. ടണൽ വൃത്തിയാക്കാനുള്ള നീക്കം ആദ്യം റെയിൽവെയുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഉന്നത തലത്തിൽ ഇടപെടൽ നടത്തിയാണ് പ്രശ്നം പരിഹരിച്ചത്. ടണലിന്‍റെ വീതികൂട്ടൽ ആയിരുന്നു രണ്ടാംഘട്ടത്തിലെ പ്രധാന ശുപാര്‍ശ. പക്ഷെ തുടര്‍ നടപടികൾ സര്‍ക്കാരിന്‍റെയോ ഉദ്യോഗസ്ഥരുടേയോ ഭാഗത്ത് നിന്ന് ഒരു തുടര്‍ നടപടിയും ഉണ്ടായില്ല.
റെയിൽവേ ടണലിന്‍റെ കാര്യത്തിൽ മാത്രമല്ല വലുതും ചെറുതുമായ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലോ മാലിന്യ നീക്കത്തിനുള്ള തുടര്‍ നടപടികളിലോ തോടിന്‍റെ ഒഴുക്ക് പുനസ്ഥാപിക്കുന്നതിലോ ഒന്നും ഒരു താൽപര്യവും സര്‍ക്കാരിന് ഉണ്ടായില്ലെന്നാണ് മുൻ ചീഫ് സെക്രട്ടറി തുറന്നടിക്കുന്നത്. വൻകിട കയ്യേറ്റക്കാര്‍ക്കെതിരെ നിയമപരമായ ചെറുത്ത് നിൽപ്പിന് പോലും മുതിരാതെ ഭരണ നേതൃത്വം പിൻവാങ്ങി.
ഇനിയൊരു ദൃശ്യത്തിലേക്കാണ്. ഓപ്പറേഷൻ അനന്തയുടെ തുടര്‍ച്ച എന്ന നിലയിൽ 2018 ൽ റെയിവേ ടണലിനടിയിൽ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിലേക്കാണ്. റെയിൽവെയുടെ അനുമതിയോടെ നഗരസഭ ഹിറ്റാച്ചി ഓടിച്ച് മറുകര കണ്ട അതേ ടണലാണ് വര്‍ഷങ്ങൾക്കിപ്പുറം സ്കൂബാ ഡൈവിംഗ് സംഘത്തിന് കടന്ന് ചെല്ലാൻ പോലും പറ്റാത്ത വിധം ഇടുങ്ങിപ്പോയത്. അതിലാണ് ഒരു മനുഷ്യ ജീവൻ കുടങ്ങിക്കിടന്നതും.