ഇപ്പോള്‍ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് അപ്സര. അഭിനയ രംഗത്ത് നിന്ന് അപ്സര ഉടന്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിച്ചേക്കും.
കുശുമ്പും വില്ലത്തരവുമൊക്കെയായി സാന്ത്വനത്തിൽ നിറഞ്ഞു നിന്നിരുന്നു അപ്സര രത്നാകരൻ അവതരിപ്പിച്ച ജയന്തി. വില്ലത്തിയായ ജയന്തിയെ പ്രേക്ഷകർ അതിയായി സ്നേഹിച്ച് തുടങ്ങിയതും അടുത്തറിയാൻ തുടങ്ങിയതും താരം ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ്. സീസൺ ആറിലെ കരുത്തുറ്റ സ്ത്രീ മത്സരാർത്ഥികളിൽ ഒരാളായിരുന്നു അപ്സര. പ്രേക്ഷകരുടെ പ്രെഡിക്ഷൻ ലിസ്റ്റിലെ ടോപ്പ് ഫൈവിലും അപ്സരയുണ്ടായിരുന്നു.
ഇപ്പോള്‍ ജീവിതത്തിലെ ഒരു സന്തോഷം പങ്കുവയ്ക്കുകയാണ് അപ്സര. അഭിനയ രംഗത്ത് നിന്ന് അപ്സര ഉടന്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് പ്രവേശിച്ചേക്കും. നേരത്തെ അപ്സര പൊലീസില്‍ ചേരും എന്ന രീതിയില്‍ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അതിന് പിന്നാലെ ഇതിനോട് പ്രതികരിക്കുകയാണ് അപ്സര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട്.
അടുത്തിടെ ഒരു ഉദ്ഘാടനം ഉണ്ടായിരുന്നു. അവിടെയാണ് ഞാന്‍ അഭിനയം ഇഷ്ടമുള്ള ജോലിയാണെങ്കിലും ചിലപ്പോള്‍ അടുത്ത് മറ്റൊരു ജോലിയില്‍ പ്രവേശിക്കേണ്ടി വന്നേക്കും എന്ന് സൂചിപ്പിച്ചിരുന്നു. എന്‍റെ പിതാവ് പൊലീസില്‍ ആയിരുന്നു. സര്‍വീസില്‍ ഇരിക്കുന്ന സമയത്താണ് അദ്ദേഹം അന്തരിച്ചത്. അതിനാല്‍ തന്നെ ആശ്രിത നിയമനത്തിന് അപേക്ഷ നല്‍കിയിരുന്നു.
അടുത്തിടെയാണ് അതില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. അതിനാലാണ് ഇത്തരം ഒരു പരാമര്‍ശം അന്ന് ഉദ്ഘാടനത്തിന് നടത്തിയത്. എന്നാല്‍ അച്ഛന്‍ പൊലീസില്‍ ആയിരുന്നതിനാല്‍ ഞാന്‍ പൊലീസില്‍ ചേരുന്നു എന്ന രീതിയിലാണ് വാര്‍ത്ത വന്നത്. എന്നാല്‍ പൊലീസില്‍ ആയിരിക്കില്ല മിക്കവാറും ഞാന്‍ എത്തുക എന്നാണ് കരുതുന്നത്. ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയതെയുള്ളൂ. ബാക്കി കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. അതും ഉടന്‍ സംഭവിക്കും എന്ന് കരുതാം – അപ്സര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.