ഡൽഹിയിൽ അച്ഛൻ 10 വയസ്സുകാരനെ കുത്തി കൊന്നു. മഴയത്ത് കളിക്കാൻ പോകാൻ മകൻ ശാഠ്യം പിടിച്ചതിനാണ് അച്ഛൻ കുത്തിയത്. 40കാരനായ എ റോയ് എന്നയാളാണ് പ്രതി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം.
പിതാവിന്റെ കുത്തേറ്റതിനെ തുടർന്ന് ഒരു കുട്ടിയെ ദാദാ ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ മരിച്ചിരുന്നു. സാഗർപൂരിലെ മോഹൻ ബ്ലോക്കിലെ ഒരു ഒറ്റമുറി വാടക വീട്ടിലാണ് പ്രതിയും മൂന്ന് കുട്ടികളും താമസിച്ചിരുന്നത്. കുട്ടികളുടെ അമ്മ വർഷങ്ങൾക്ക് മുൻപേ മരിച്ചിരുന്നു.
മഴയത്ത് കളിക്കാൻ പോകേണ്ടെന്ന് പറഞ്ഞത് കുട്ടി അനുസരിക്കാതിരുന്നതോടെ അടുക്കളയിൽ കരുതിയിരുന്ന കത്തി എടുത്ത് കുട്ടിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി തെന്നയാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. “എന്റെ സഹോദരൻ മഴയത്ത് കളിക്കാൻ പുറത്ത് പോയി, പക്ഷേ അച്ഛൻ എതിർത്തു, കത്തിയുമായി അവന്റെ പിന്നാലെ ഓടി. അവന്റെ നെഞ്ചിൽ കുത്തി. എന്റെ അച്ഛനെതിരെ കർശന നടപടിയെടുക്കണം” സഹോദരൻ പറഞ്ഞു. മദ്യപിച്ച ശേഷം പിതാവെ തല്ലുമായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും മറ്റ് സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു.









