പ്രീ സെയിൽസ് ബിസിനസിൽ ചരിത്രം സൃഷ്ടിച്ച് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം ഇതുവരെ 58 കോടിയിലേറെ അഡ്വാൻസ് ടിക്കറ്റ് സെയിൽസിലൂടെ നേടിയെന്ന് നിർമാതാവ് ആൻ്റണി പെരുമ്പാവൂർ അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
റിലീസിന് മുമ്പേ തന്നെ ഇന്ത്യൻ സിനിമയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നേറുകയാണ് എമ്പുരാൻ. ചിത്രത്തിൻ്റെ ഓൾ ഇന്ത്യ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് മാർച്ച് 21-ന് രാവിലെ ഒമ്പതുമണിക്കാണ് ആരംഭിച്ചത്. ബുക്കിങ് ട്രെൻഡിങ്ങിൽ ഒരു മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകൾ വിറ്റും ചിത്രം റെക്കോർഡ് സൃഷ്‌ടിച്ചിരുന്നു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ മാർച്ച് 27-നാണ് ആഗോള റിലീസായി എത്തുന്നത്. ശ്രീ ഗോകുലം മൂവീസ്, ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ഗോകുലം ഗോപാലൻ, ആൻ്റണി പെരുമ്പാവൂർ, സുഭാസ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തുന്ന ചിത്രം കൂടിയാണ്. മാർച്ച് 27-ന് ഇന്ത്യൻ സമയം രാവിലെ ആറ് മണി മുതൽ ചിത്രത്തിൻ്റെ ആഗോള പ്രദർശനം ആരംഭിക്കും. ചിത്രത്തിന്റെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷൻ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ചിത്രം ആന്ധ്ര- തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തഡാനി നേതൃത്വം നൽകുന്ന എഎ ഫിലിംസാണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്‌ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമാണ വിതരണ കമ്പനിയായ ഹോംബാലേ ഫിലിംസ് ആണ്.
മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖേഡ്‌കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി. മേനോൻ, ശിവദ, അലക്‌സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും









