തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 30 കടന്നു. രക്ഷപ്രവർത്തനം പുരോഗമിക്കുന്നു. ഇനിയും ആളുകൾ കുടുങ്ങി കിടപ്പുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഗറെഡ്ഡി ജില്ലയിലെ സിഗാച്ചി ഫാർമ കമ്പനിയിലായിരുന്നു സ്ഫോടനം നടന്നത്.
തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ പസമൈലാരം ഫേസ് 1 പ്രദേശത്തുള്ള സിഗാച്ചി ഫാർമ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ ഇന്നലെ പതിമൂന്ന് പേർ മരണപ്പെട്ടിരുന്നു. അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ചും മറ്റുള്ളവർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചതെന്നാണ് വിവരം.
സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടനെ 11 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അഗ്നി രക്ഷാ സേനയും ദേശീയ ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ഫാക്ടറിയിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിത്തെറിക്ക് പിന്നാലെ ഫാക്ടറിയില്‍ വലിയതോതില്‍ തീപടരുകയായിരുന്നു. മരിച്ചവരെല്ലാം ഫാക്ടറിയിലെ തൊഴിലാളികളാണ്. 150 ഓളം തൊഴിലാളികൾ അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നെന്നും ഇതിൽ 90 പേർ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തിന് സമീപമാണ് ജോലി ചെയ്തിരുന്നത് എന്നുമാണ്.









