തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി മാത്യുകുഴൽ നാടൻ പറഞ്ഞു. പിണറായി വിജയൻ വിചാരണ നേരിടുക എന്നതാണ് ഏറ്റവും അഭികാമ്യം. മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നതെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
അതേസമയം പിണറായി വിജയന് അനുകൂലമായ ഹൈക്കോടതിയിലെ സർക്കാർ നിലപാട് മാത്യു കുഴൽ നാടൻ തള്ളി. കോടതിയിലെ സർക്കാർ നിലപാട് തെറ്റെന്ന് തെളിഞ്ഞു. എന്തുകൊണ്ട് എജി അങ്ങനെയൊരു നിലപാട് എടുത്തുവെന്ന് വ്യക്തമല്ല. ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. പരിശോധിക്കേണ്ടത് ഹർജിക്കാരന്റെ വിശ്വാസ്യതയല്ലെന്നും വിമർശനം.
പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന് എന്തടിസ്ഥാനത്തിലാണ് നിലപാട് എടുത്തതെന്ന് അറിയില്ല. ഈ കാര്യത്തിൽ ന്യായമായ നിലപാടല്ല വേണ്ടത് നിയമപരമായ നിലപാടാണ് സ്വീകരിക്കേണ്ടത്. എന്ത് മെറ്റീരിയൽ റെക്കോർഡ് ഉണ്ടായിട്ടാണ് പിണറായി വിജയൻ നേരത്തെ എനിക്കെതിരെ കേസ് എടുത്തത്. പിണറായി വിജയനെതിരെ ഇപ്പോൾ കേസെടുക്കുമ്പോൾ എന്തിനാണ് വെപ്രാളപ്പെടുന്നതെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
എഫ്ഐആർ എടുത്ത് അന്വേഷണം നടത്താൻ തുടങ്ങിയപ്പോൾ പിണറായി വിജയന് വെപ്രാളമായെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി. മകൾക്കെതിരെ അന്വേഷണം വരുമ്പോൾ പിണറായി വിജയൻ്റെ വെപ്രാളമാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. പിണറായി വിജയനെ ഈ സമയത്ത് ആക്ഷേപിക്കാൻ ഞാൻ ഇല്ലെന്നും പിണറായി വിജയൻ്റെ പ്രായത്തെ പരിഗണിച്ച് ഞാൻ ഇപ്പോൾ കൂടുതലൊന്നും പറയുന്നില്ലെന്നും അദേഹം പറഞ്ഞു. തനിക്കെതിരെ നേരത്തെ പറഞ്ഞ കാര്യങ്ങൾ സിപിഐഎമ്മിനും ആത്മപരിശോധന നടത്താവുന്നതാണ്. അന്ന് പിണറായി വിജയൻ അടക്കമുള്ളവർ പറഞ്ഞ കാര്യം ശാന്തമായി അദ്ദേഹത്തെ ഒന്ന് ഓർമ്മപ്പെടുത്തിയത് മാത്രമാണെന്ന് അദേഹം കൂട്ടിച്ചേർത്തു.






