തിരുവനന്തപുരം: എസ്എംഎ രോഗബാധിതര്‍ക്ക് ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയ മരുന്ന് വിതരണം ചെയ്തതില്‍ ഡോക്ടേഴ്സിന് വീഴ്ചയെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് മരുന്നുകള്‍ തിരിച്ചുവിളിച്ചത്. രോഗികളായ കുട്ടികളുടെ മാതാപിതാക്കളെ ബോധവത്കരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇന്ത്യന്‍ നിര്‍മിത മരുന്നിന് പാര്‍ശ്വഫലങ്ങളും മറ്റുമില്ലെന്ന് അവരെ ബോധ്യപ്പെടുത്തും. (Health Department finds lapse on the part of doctors in sma row)
ക്ലിനിക്കല്‍ ട്രയല്‍ എന്നെഴുതിയത് വിവാദമായ പശ്ചാത്തലത്തിലാണ് മരുന്നുകള്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം. സ്പൈനല്‍ മസ്ക്കുലാര്‍ അട്രോഫി ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് വിദേശനിര്‍മ്മിത മരുന്ന് ആയിരുന്നു നല്‍കിയിരുന്നത്. ഇതിന് 5 ലക്ഷത്തോളം രൂപ വില വരും. ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിദഗ്ധസമിതിയെ രൂപീകരിക്കുകയും അതുമായി ബന്ധപ്പെട്ട പഠനം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് വാങ്ങുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിരുന്നില്ല. ഇതിനിടെ വിദേശനിര്‍മ്മിത മരുന്നിന് പകരം ഇന്ത്യയില്‍ നിന്നുള്ള മരുന്ന് രോഗബാധിതര്‍ക്ക് നല്കാന് ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
യുഡിഎഫ് അധികാരത്തിലെത്തി രണ്ടുമാസം കഴിഞ്ഞ് ജൂലൈ അഞ്ചാം തീയതി ഇന്ത്യന്‍ നിര്‍മ്മിത മരുന്നു വാങ്ങാനുള്ള കരാറില്‍ എത്തി. ഒക്ടോബര്‍ ആദ്യവാരത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. വിവരം പുറത്തുവന്നതോടെ പരാതികള്‍ പരിശോധിക്കുന്നതില്‍ സര്‍ക്കാറിന് മടിയില്ലെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ പ്രതികരണം. ഈ മാസം മുതല്‍ ആണ് ഇന്ത്യന്‍ നിര്‍മ്മിത മരുന്നുകള്‍ എസ് എം എ ബാധിതരായ കുട്ടികള്‍ക്ക് നല്കിത്തുടങ്ങിയത്. അത് തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.







