സംസ്ഥാനത്ത് പലയിടത്തും സിപിഐഎം-ബിജെപി ഡീലുണ്ടായെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട്, മഞ്ചേശ്വരം, റാന്നി, കോന്നി എന്നീ മണ്ഡലങ്ങളുടെ പേര് എടുത്ത് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. കഴിഞ്ഞ തവണ കെ സുരേന്ദ്രന്‍ 32000ല്‍പ്പരം വോട്ട് നേടിയ കോന്നിയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ശബരിമല ഉള്‍പ്പെടുന്ന റാന്നിയില്‍ ട്വന്റി ട്വന്റി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ഈ ഡീലിന്റെ ഭാഗമെന്ന് വി ഡി സതീശന്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടായെന്ന് കരുതുന്നില്ലെന്ന് പറയുന്ന 20-20 സ്ഥാനാര്‍ഥിയയൊണ് ആ പാര്‍ട്ടിക്ക് യാതൊരു സ്വാധീനവുമില്ലാത്ത റാന്നിയില്‍ നിര്‍ത്തിയത്. തെളിവോടുകൂടിയാണ് ഡീല്‍ ആരോപണം ഉന്നയിക്കുന്നതെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.
‘മുമ്പ് പൂരം കലക്കി ബിജെപിക്ക് തൃശൂരില്‍ ജയിക്കാന്‍ സാഹചര്യമൊരുക്കിയെന്നും വി ഡി സതീശന്‍ ആരോപിച്ചു. കരുവന്നൂരില്‍ ഇഡി പിടിമുറുക്കുന്നുവെന്ന് നിങ്ങള്‍ വാര്‍ത്ത കൊടുത്തു. അന്നേ ഞാന്‍ പറഞ്ഞു. ഇഡി വരുന്നത് തൃശൂര്‍ സീറ്റ് ലക്ഷ്യംവച്ചാണെന്ന്. തൃശൂരില്‍ ബിജെപി ജയിച്ചുകഴിഞ്ഞപ്പോള്‍ കരുവന്നൂരിലെ ഇഡിയുടെ പിടി അയഞ്ഞല്ലോ. ഇതൊക്കെ പണ്ടേ ഞങ്ങള്‍ പറഞ്ഞുകഴിഞ്ഞതാണ്’. വി ഡി സതീശന്‍ പറഞ്ഞു. കോലീബി സഖ്യമെന്ന് പറയുന്നവര്‍ 1977ല്‍ നിങ്ങള്‍ ആര്‍എസ്എസ് പിന്തുണയോടെ ജയിച്ചത് ഓര്‍മിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാലക്കാട് രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത സ്ഥാനാര്‍ഥിയെ ഇറക്കിയതെന്തിന് എന്ന ചോദ്യത്തിന് മറ്റൊരു ചോദ്യമായിരുന്നു വി ഡി സതീശന്റെ മറുപടി. കൊല്ലത്ത് മത്സരിക്കുമ്പോള്‍ മുകേഷ് സിപിഐഎം ലോക്കല്‍ സെക്രട്ടറി ഒന്നുമായിരുന്നില്ലല്ലോ സിനിമാ നടന്‍ അല്ലായിരുന്നോ എന്നും വി ഡി സതീശന്‍ ചോദിച്ചു.







