നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. കെ. മുരളീധരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും അന്തിമ പട്ടികയില്‍ പിഷാരടിയുടെ പേരാണ് ഇടംപിടിച്ചിരിക്കുന്നത്. സിനിമാ, ടെലിവിഷന്‍ താരമെന്ന നിലയ്ക്കുള്ള രമേഷ് പിഷാരടിയുടെ പ്രശസ്തിയും സ്വീകാര്യതയും വോട്ടായി മാറുമെന്നും അദ്ദേഹത്തിന് ജയസാധ്യത ഏറെയെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. (ramesh pisharody will be UDF candidate of Palakkad)
ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തില്‍ വിജയത്തുടര്‍ച്ചയ്ക്കായി രമേഷ് പിഷാരടിയുടെ പേര് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പാലക്കാട് മത്സരിക്കാമെന്ന് പിഷാരടി സന്നദ്ധത അറിയിച്ചതോടെ അത്തരം ചര്‍ച്ചകളും അഭ്യൂഹങ്ങളും അവസാനിച്ചിരിക്കുകയാണ്.
നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്ന് മുമ്പ് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ധര്‍മജന്‍ തന്നെ താന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയത്തിനായി മൂന്ന് മുന്നണികളും തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുകയാണ്








