വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി. മാനന്തവാടി വില്ലേജ് ഓഫീസറായിരുന്ന രാജേഷ് കുമാർ നിയമവിരുദ്ധമായി മണ്ണെടുക്കുന്നത് തടഞ്ഞതിനും ജെസിബി പിടിച്ചെടുത്തതിനും പിന്നാലെയാണ് ഭീഷണി നേരിട്ടത്. ഭീഷണി സന്ദേശമയച്ച മാനന്തവാടി സ്വദേശി ഷമീറിനെതിരെ നടപടിയെടുക്കണമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് രാജേഷ് കുമാർ തഹസിൽദാർക്ക് പരാതി നൽകി.
മണ്ണ് മാഫിയയുടെ സമ്മർദ്ദത്തെ തുടർന്ന് തന്നെ തൊണ്ടർനാട്ടേക്ക് സ്ഥലം മാറ്റിയതായും രാജേഷ് കുമാർ ആരോപിച്ചു. ‘സ്ഥലംമാറ്റത്തിന് പിന്നിൽ താനാണ്’ എന്ന് ഷമീർ ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കിയതായും പരാതിയിൽ പറയുന്നു ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും താൻ സത്യസന്ധമായ നിലപാടുകളാണ് സ്വീകരിച്ചതെന്നും രാജേഷ് കുമാർ വ്യക്തമാക്കി. വില്ലേജ് ഓഫീസറുടെ പരാതി തുടർനടപടികൾക്കായി കളക്ടർക്ക് കൈമാറിയിട്ടുണ്ട്.







