കോഴിക്കോട് ബാലുശേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഭര്‍ത്താവ് ശ്രീജിത്ത് ജിസ്‌നയെ മര്‍ദിച്ചിരുന്നുവെന്ന് സഹോദരന്‍ ജിഷ്ണു പറഞ്ഞു. ശ്രീജിത്തിന്റെ വീട്ടുകാര്‍ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വിശദമായ അന്വേഷണത്തിന് പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും ജിഷ്ണു പ്രതികരിച്ചു.
ഭര്‍ത്താവിന്റെ അമ്മയുമായിട്ടായിരുന്നു പ്രശ്‌നം. ഞങ്ങള്‍ അവിടെപ്പോയി സംസാരിച്ചിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. മൂന്ന് നാല് ദിവസം മുന്‍പ് വീട്ടില്‍ വന്നിരുന്നു. അപ്പോഴും ഒന്നും പറഞ്ഞില്ല. ഭര്‍ത്താവ് മര്‍ദിച്ചിരുന്നു. ശ്രീജിത്തിന്റെ വീട്ടില്‍ നിന്നും ഈ സമയം വരെ ആരും ഇങ്ങോട്ട് വന്നിട്ടില്ല. ഇന്നലെ സ്‌റ്റേഷനിലും വന്നിട്ടില്ല – സഹോദരന്‍ പറഞ്ഞു.
കണ്ണൂര്‍ കേളകം സ്വദേശിനിയാണ് യുവതി. മൂന്നുവര്‍ഷം മുമ്പാണ് വിവാഹിതയായത്. രണ്ടുവയസ്സുള്ള കുട്ടിയുണ്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടുകാര്‍, ജിസ്‌ന വീട്ടിനുള്ളില്‍ തൂങ്ങിയതായി കണ്ടത്.







