ബാർക്ക് ഡാറ്റ അട്ടിമറിക്കാൻ കേരളത്തിലെ ഒരു ചാനൽ ഉടമയുടെ അക്കൗണ്ടിൽ നിന്നും പ്രേംനാഥിൻ്റെ വാലറ്റിലേക്ക് കോടികളെത്തി. ക്രിപ്റ്റോ കറൻസി USDT വഴിയാണ് ചാനൽ ഉടമ പണം കൈമാറ്റം ചെയ്തിരിക്കുന്നത്. ബാർക്ക് ജീവനക്കാരൻ പ്രേംനാഥും കേരളത്തിലെ ചാനൽ ഉടമയും നിരന്തരം നടത്തിയ ഫോൺ വിളികളുടേയും വാട്ട്സ് ആപ്പ് ചാറ്റുകളുടേയും വിശദാംശങ്ങൾ 24 പുറത്തുവിട്ടു.
ബാർക്കിലെ മിഡിൽ ലെവൽ ഉദ്യോഗസ്ഥനായ പ്രേം നാഥിൻ്റെ Trust walletലേക്ക് തട്ടിപ്പിലൂടെ ഒഴുകിയെത്തിയത് 100 കോടിയോളം രൂപ. ഈ അക്കൗണ്ടിൽ നിന്ന് മറ്റ് പലരിലേക്കും പണം കൈമാറ്റം ചെയ്യപ്പെട്ടു. കേരളത്തിൽ മാത്രമല്ല ഇതര സംസ്ഥാനങ്ങളിലും സമാനതട്ടിപ്പുകൾ നടക്കുന്നുവെന്നതിൻ്റെ തെളിവാണ് പ്രേംനാഥിൻ്റെ Trust walletലേക്ക് ഒഴുകിയെത്തിയത് 100 കോടിയോളം രൂപയാണ്.
ടെലിവിഷൻ റേറ്റിംഗിൻ്റെ അടിസ്ഥാനത്തിൽ നിലനിൽക്കുന്ന 50,000 കോടി രൂപയുടെ ഇന്ത്യൻ ടെലിവിഷൻ വ്യവസായത്തെ തകർക്കാൻ ബാർക്ക് ജീവനക്കാർ നടത്തുന്ന നിഗൂഢ ശ്രമങ്ങൾ ഈ തട്ടിപ്പിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നു. കേരള ടെലിവിഷൻ ഫെഡറേഷൻ (KTF) പ്രസിഡൻ്റ് മുഖ്യമന്ത്രിക്കും ബാർക്ക് സിഇഒയ്‌ക്കും നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഡിജിപി റവാഡ ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ച് തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു.







