തുണികളെന്നാണ് പാർസലിനൊപ്പം ഉണ്ടായിരുന്ന രേഖകളിൽ ഉണ്ടായിരുന്നത്. ഏറ്റെടുക്കാൻ ആളെത്താതിരുന്നതാണ് പൊലീസിന് സംശയം തോന്നാൻ കാരണം.
കൊല്ലം: ബംഗളൂരുവിൽ നിന്നും കടത്തിക്കൊണ്ടുവന്ന 350 കിലോയോളം പുകയില ഉത്പന്നങ്ങൾ കൊല്ലത്ത് പിടികൂടി. വസ്ത്രങ്ങൾ ആണെന്ന വ്യാജേനയാണ് നിരോധിത പുകയില ഉൽപന്നങ്ങൾ എത്തിച്ചത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
റെഡിമെയ്ഡ് വസ്ത്രങ്ങളെന്ന തരത്തിൽ രേഖകൾ നൽകിയാണ് ബംഗളൂരുവിൽ നിന്നുള്ള പാഴ്സൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ദിവസങ്ങൾ കഴിഞ്ഞിട്ടും പാഴ്സൽ കൈപ്പറ്റാൻ ആരും വരാതായതോടെ റെയിൽവെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയില്ലാണ് പെട്ടികൾക്ക് ഉള്ളിൽ നിന്ന് 350 കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
തുടർന്ന് തന്ത്രപൂർവം റെയിൽവെ സംരക്ഷണ സേനയും ക്രൈം ഇന്‍റലിജൻസ് വിഭാഗവും എക്സൈസും പ്രതിക്കായി കാത്തിരുന്നു. ഒടുവിൽ പാഴ്സൽ ബുക്ക് ചെയ്ത ആറിങ്ങൽ സ്വദേശി അഖിൽ കഴിഞ്ഞ ദിവസം റെയിൽവെ സ്റ്റേഷനിൽ എത്തി. പ്രതിയെ കയ്യോടെ പിടികൂടി. വിപണിയിൽ 12 ലക്ഷം രൂപ വിലവരുന്ന പുകയില ഉത്പന്നങ്ങളാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതി മുൻപും സമാനമായ രീതിയിൽ പുകയില ഉത്പന്നങ്ങൾ കടത്തിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.