ഇന്ത്യൻ ഓഹരി വിപണി കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ വൻ ലാഭം ഉണ്ടാക്കി എൽഐസി. 103 ഓഹരികളിലെ പങ്കാളിത്തം കുറച്ചാണ് എൽഐസി നേട്ടമുണ്ടാക്കിയത്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ എൽഐസിയുടെ ഓഹരി പങ്കാളിത്തം എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് എത്തി.
എൻഎസ്ഇയിൽ ലിസ്റ്റ‌് ചെയ്ത ഓഹരികളിൽ എൽഐസിക്കുള്ള നിക്ഷേപ പങ്കാളിത്തം ഇപ്പോൾ 3.59 ശതമാനമായി കുറഞ്ഞു. സെപ്റ്റംബർ 30ന് അവസാനിച്ച സാമ്പത്തികപാദത്തിൽ 3.64 ശതമാനം ആയിരുന്നു എൽഐസിയുടെ ഓഹരി പങ്കാളിത്തം. എച്ച്ഡിഎഫ്സി എഎംസിയുടെ 2,076 കോടി രൂപയുടെ ഓഹരികൾ സെപ്റ്റംബർ പാദത്തിൽ എൽഐസി വിറ്റിരുന്നു. ലുപിൻ (2,069 കോടി രൂപ), എൻടിപിസി (1947 കോടി രൂപ), ഹീറോ മോട്ടോക്രോപ് (1,926 കോടി രൂപ) എന്നീ ഓഹരികളും വിറ്റിരുന്നു. ടിസിഎസ്, ഗെയിൽ, ഒൻജിസി, ടാറ്റ പവർ, വോൾട്ടാസ് എന്നിവയിലെ 1000 കോടി രൂപയ്ക്ക് മുകളിലുള്ള ഓഹരികളും വിറ്റു.
ഇൻഡസ്‌ഇൻഡ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഐഡിഎഫ്സി ഫസ്‌റ്റ് ബാങ്ക്, ഡാൽമിയ ഭാരത്, സൈയന്റ് എന്നീ ഓഹരികളിൽ എൽഐസി നിക്ഷേപ പങ്കാളിത്തം ഉയർത്തിയിട്ടുണ്ട്. ജൂൺ പാദത്തിൽ ഒരു ശതമാനത്തിൽ താഴെ നിക്ഷേപമുണ്ടായിരുന്ന ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ സെപ്റ്റംബർ പാദത്തിൽ 4.05 ശതമാനമാണ് എൽഐസിയുടെ പങ്കാളിത്തം. സെപ്റ്റംബർ പാദത്തിലെ കണക്ക് പ്രകാരം 283 കമ്പനികളിലായി 16.76 ലക്ഷം കോടി രൂപയുടെ നിക്ഷേപം എൽഐസിക്കുണ്ട്.