പാകിസ്താൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് നിന്ന് ഗാരി കിർസ്റ്റൺ രാജിവെച്ചു. പകരം ജേസൺ ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി. നിലവിൽ പാകിസ്താന്റെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുന്നത് ഗില്ലസ്പിയാണ്.
കിർസ്റ്റന്റെ രാജി സ്വീകരിക്കുന്നുവെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. നവംബർ നാലിന് ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിൽ ജേസൺ ഗില്ലസ്പി പാക് ടീമിന്റെ പരിശീലകനാകുമെന്ന് പിസിബി വ്യക്തമാക്കി.
പാകിസ്താൻ ക്രിക്കറ്റ് ബോർഡും താരങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് ഗാരി കിർസ്റ്റണ് പുറത്തേയ്ക്കുള്ള വഴി തെളിച്ചത്. ടീം തെരഞ്ഞെടുപ്പില്‍ കോച്ചിന് പങ്കുണ്ടാവില്ലെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നിലപാടാണ് കിര്‍സ്റ്റന്‍റെ പൊടുന്നനെയുള്ള രാജിയ്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ തോറ്റശേഷം പാക് ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത് വിപുലീകരിച്ചിരുന്നു. അക്വിബ് ജാവേദ്, മുന്‍ അമ്പയര്‍ കൂടിയായ അലീം ദാര്‍, അസ്ഹര്‍ അലി, ആസാജ് ഷഫീഖ്, ഹസന്‍ ചീമ എന്നിവരെയാണ് സെലക്ഷന്‍ കമ്മിറ്റിയിലെടുത്തത്. ടീം സെലക്ഷന്‍ പൂര്‍ണമായും ഇവരുടെ ചുമതലയാണെന്നും പരിശീലകര്‍ക്ക് ഇതില്‍ ഇടപെടാനാവില്ലെന്നും പാക് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു.
ജൂണിൽ നടന്ന ട്വന്റി 20 ലോകകപ്പിന് മുമ്പായാണ് ഗാരി കിർസ്റ്റൺ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റത്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ടീമിൽ താരങ്ങൾ ഗ്രൂപ്പ് തിരിഞ്ഞിരിക്കുകയാണെന്നും ഇതുപോലെ മറ്റൊരു ടീമിനെ കണ്ടിട്ടില്ലെന്നും തോൽവിക്ക് പിന്നാലെ കിർസ്റ്റൺ രംഗത്തെത്തി.
2007 മുതൽ 2011 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു ഗാരി കിർസ്റ്റൺ. 2011ൽ ഇന്ത്യ ഏകദിന ലോകകപ്പ് നേടിയത് ഗാരി കിർസ്റ്റന്റെ കീഴിലായിരുന്നു. ദക്ഷിണാഫ്രിക്കൻ മുൻ താരമായ കിർസ്റ്റൺ 101 ടെസ്റ്റുകളും 185 ഏകദിനങ്ങളും കളിച്ചിട്ടുണ്. രണ്ട് ഫോർമാറ്റുകളിലുമായി 14,000ത്തോളം റൺസാണ് കിർസ്റ്റന്റെ സമ്പാദ്യം.