ബലാത്സംഗ കേസിൽ സുപ്രീംകോടതി അറസ്റ്റ് തടഞ്ഞതോടെ ഒളിവിൽ നിന്ന് പൊതുമധ്യത്തിൽ എത്തിയ നടൻ സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിലേക്ക്. അന്വേഷണ സംഘത്തിന്റെ നോട്ടീസിനായി കാത്തിരിക്കാതെ ഇന്നുതന്നെ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിയമോപദേശം. പരാതിക്കാരിക്ക് ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്ന് സുപ്രീംകോടതിയിൽ നടത്തിയ വാദം ശരിവെക്കുന്ന തെളിവുകൾ ശേഖരിച്ച് നൽകാനും നിർദ്ദേശമുണ്ട്.
കൃത്യമായ തെളിവുകൾ ലഭിച്ചാൽ ഇന്നുതന്നെ അന്വേഷണ സംഘത്തിന് മുന്നിലെത്തും. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദേശം. ഹർജി പരിഗണിക്കവേ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി നടത്തിയ വിമർശനങ്ങളാണ് സിദ്ദിഖിന് ആത്മവിശ്വാസം.
പരാതിയിൽ പറയുന്ന ആരോപണങ്ങളിൽ സിദ്ദിഖിനെതിരെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. ഈ സാഹചര്യത്തിൽ പരാതിക്കാരിക്കെതിരായ തെളിവുകൾ ശേഖരിക്കുക സിദ്ദിഖിന് വെല്ലുവിളിയാകും. സുപ്രിംകോടതി അറസ്റ്റ് 2 ആഴ്ചത്തേക്ക് തടഞ്ഞഞ്ഞതോടെയാണ് ഒളിവ് ജീവിതം അവസാനിപ്പിച്ച് നടൻ സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.