ഹിന്ദി സീരിയൽ താരം രാജേഷ് കുമാർ കൃഷിയിലേക്കിറങ്ങിയതിന്‍റെ കഥ വെളിപ്പെടുത്തി. തന്‍റെ കാർഷിക സ്റ്റാർട്ട് അപ് ആശയം പരാജയപ്പെട്ടതിനെക്കുറിച്ചും മകന്‍റെ സ്കൂളിന് പുറത്ത് പച്ചക്കറി വിൽക്കേണ്ടി വന്നതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി.
മുംബൈ: ഹിന്ദി സീരിയലുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് രാജേഷ് കുമാർ. നിരവധി ബോളിവുഡ് ചിത്രങ്ങളിലും ഇദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. തന്‍റെ കരിയറില്‍ കൂടുതല്‍ വേഷങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് അദ്ദേഹം അഭിനയ രംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. 2017-ൽ അഭിനയ രംഗത്ത് നിന്നും മാറി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനം ഏറെ പ്രയാസം ഉണ്ടാക്കിയെന്നാണ് ഇപ്പോള്‍ രാജേഷ് കുമാര്‍ വെളിപ്പെടുത്തുന്നത്.
സിദ്ധാർത്ഥ് കണ്ണനുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിൽ, “ഫാമിലി ഫാര്‍മര്‍” എന്ന തന്‍റെ കാര്‍ഷിക സ്റ്റാര്‍ട്ട് അപ് ആശയം താൻ എങ്ങനെയാണ് ആരംഭിച്ചതെന്ന് രാജേഷ് വെളിപ്പെടുത്തി. ഈ സ്റ്റാർട്ടപ്പ് ആശയവുമായി പല സുഹൃത്തുക്കളെയും സമീപിച്ചു. “അവരിൽ കുറച്ച് പേർ അതില്‍ പങ്കാളികളായി, ബാക്കിയുള്ളവർ അവഗണിച്ചു,കൊള്ളാം, എന്തൊരു ഗംഭീര ആശയം എന്ന് ആദ്യം പറഞ്ഞിട്ട് എന്നെ സഹായിക്കാതെ നിന്നവര്‍ ഏറെയാണ്. എന്‍റെ കൂടെ അഭിനയിച്ച സുഹൃത്തുക്കള്‍ വരെ അതിലുണ്ട്” രാജേഷ് പറഞ്ഞു.
മകന്‍റെ സ്കൂളിന് പുറത്ത് പച്ചക്കറികൾ വിൽക്കാന്‍ പോയ സംഭവം രാജേഷ് കണ്ണീരോടെയാണ് ഓര്‍ത്തത്.
“സ്റ്റാര്‍ട്ട് അപ് എന്നാല്‍ പരാജയപ്പെട്ടു, ഞാൻ എന്‍റെ മകന്‍റെ സ്കൂളിന് പുറത്ത് പച്ചക്കറി വിൽക്കാൻ തുടങ്ങി. എന്നാല്‍ ആളുകളെ ചിന്തിപ്പിച്ചത് അവൻ ഭ്രാന്തായോ. അവൻ എന്തിനാണ് പച്ചക്കറി വിൽക്കുന്നത്? എന്നാണ്. എന്‍റെ മകൻ അവന്‍റെ സ്കൂളിന് പുറത്ത് പച്ചക്കറി വിൽക്കുമ്പോള്‍ അവന്‍റെ ടീച്ചറുടെ അടുത്ത് ചെന്ന് പറഞ്ഞു, എൻ്റെ പപ്പയിൽ നിന്ന് പച്ചക്കറി വാങ്ങാമോ? എന്ന് അവൻ അന്ന് മൂന്നാം ക്ലാസിലാണ്. അപ്പോൾ അവന്‍റെ സഹപാഠികളെല്ലാം വിവിധ ക്ലാസ് മുറികളില്‍ എന്‍റെ കൈയ്യില്‍ നിന്നും പച്ചക്കറി വാങ്ങാന്‍ ടീച്ചര്‍മാരോട് അഭ്യർത്ഥിക്കുകയും ചെയ്തു”.
രാജേഷ് കുമാർ വികാരാധീനനായി “എന്‍റെ മകന്‍റെ സ്കൂളിന് പുറത്ത് പച്ചക്കറി വിൽക്കാനുള്ള എന്‍റെ ഉദ്ദേശ്യം ഞാൻ ഒരു ചെറിയ ജോലി ചെയ്യുന്നു എന്ന് കാണിക്കാനല്ല. കൃഷിയും വിപണനവും ഒരു മഹത്തായ പ്രവൃത്തിയാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതിന് കൂടിയായിരുന്നു. കർഷകരെയല്ല, ഉപഭോക്താക്കളെ ബോധവൽക്കരിക്കുക എന്നതായിരുന്നു എന്‍ഫെ ലക്ഷ്യം. ഉപയോക്താക്കള്‍ പലപ്പോഴും സൗജന്യമായി ചോദിക്കുന്ന മല്ലിയില വളർത്തുന്നതിന് പിന്നിലെ കഠിനാധ്വാനത്തെ അവര്‍ അവഗണിക്കാറുണ്ട്” രാജേഷ് പറയുന്നു.
അതേ സമയം സ്റ്റാര്‍ട്ട് അപ് ആശയം തന്നെ വലിയ കടക്കാരനാക്കിയെന്നും രാജേഷ് കുമാര്‍ സമ്മതിക്കുന്നു.
“എന്‍റെ കണക്കുകള്‍ ശക്തമായിരുന്നില്ല. കിലോയ്ക്ക് 22 മുതൽ 25 രൂപ വരെ നഷ്ടമാകുന്നത് ഞാൻ മനസ്സിലാക്കിയില്ല. ഈ സമയം ഏകദേശം 12 മുതൽ 15 ലക്ഷം രൂപ വരെ നഷ്ടം ഉണ്ടായി. ഒരു കോടിയോളം രൂപ എനിക്കുണ്ടായിരുന്ന കടത്തിന് പുറമേയാണിത്.
ഈ സമയത്ത്, ഇടപാടുകളും ഓർഡറുകളും നിയന്ത്രിക്കാൻ ഒരു ആപ്പ് ഉണ്ടാക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചു. പക്ഷേ, ആപ്പ് ഉണ്ടാക്കിയതിന് ശേഷം അത് ഉണ്ടാക്കിയ ആൾ എന്നെ ചതിച്ചു. ആപ്പ് ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ, എനിക്ക് ധാരാളം പണം നഷ്‌ടപ്പെട്ടു, ഒടുവിൽ എന്‍റെ സ്റ്റാർട്ട്-അപ്പ് പൂർണ്ണമായും നിർത്തേണ്ടി വന്നു” രാജേഷ് കുമാര്‍ പറഞ്ഞു.
അതേ സമയം ഇപ്പോള്‍ അഭിനയ രംഗത്തേക്ക് തിരിച്ചുവന്നിട്ടുണ്ട് നടന്‍. ജീതേന്ദ്ര കുമാറിൻ്റെ കോട്ട ഫാക്ടറി 2 ൽ ഒരു ഗണിത അധ്യാപകന്‍റെ വേഷത്തിൽ ഇദ്ദേഹം ചെറിയ റോളില്‍ തിരിച്ചെത്തി. ഷാഹിദ് കപൂറിന്‍റെ തേരി ബാറ്റൺ മേ ഐസ ഉൽജാ ജിയ, നവാസുദ്ദീൻ സിദ്ദിഖി അഭിനയിച്ച റൗതു കാ റാസ് എന്നിവയിലും അദ്ദേഹം അഭിനയിച്ചു.