സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥന്‍റെ അച്ഛനമ്മമാർ, അധ്യാപകർ,സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു
വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണം അന്വേഷിച്ച ജുഡീഷ്വൽ കമ്മീഷൻ ഇന്ന് ഗവർണർക്ക് റിപ്പോർട്ട് നൽകും. തിരുവനന്തപുരത്ത് രാജ്ഭവനിലെത്തിയാകും ജസ്റ്റിസ് ഹരിപ്രസാദ് അന്വേഷണ റിപ്പോർട്ട് ഗവർണർക്ക് കൈമാറുക. സർവ്വകലാശാല വൈസ് ചാൻസിലർ, അസിസ്റ്റന്‍റ് വാർഡൻ, ഡീൻ, ആംബുലൻസ് ഡ്രൈവർ മുതൽ സിദ്ധാർത്ഥന്‍റെ അച്ഛനമ്മമാർ, അധ്യാപകർ,സുഹൃത്തുക്കളും ഉൾപ്പെടെ 28 പേരിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തിരുന്നു. സിദ്ധാർത്ഥന്‍റെ മരണത്തിൽ സർവ്വകലാശാലയ്ക്ക് ഭരണപരമായ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതാണ് കമ്മീഷൻ അന്വേഷിച്ചത്.
രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥനെ ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്ന് മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചു. യുജിസിയുടെ ആന്റി റാഗിംഗ് സെല്ലിന് പരാതി കൊടുത്തു. പിന്നാലെ കോളേജിന്റെ റാഗിംഗ് സെൽ അന്വേഷണം നടത്തി. ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായി എന്ന കണ്ടെത്തലിന് പിന്നാലെ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ 12 പേർക്ക് സസ്പെൻഷൻ നൽകി.
പൊലീസ് എഫ്ഐആർ തിരുത്തി റാഗിങ് നിരോധന നിയമവും ഗൂഢാലോചനയും ചേർത്തു. കോളേജ് യൂണിയൻ പ്രസിഡണ്ട് കെ. അരുൺ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ നേതൃത്വത്തിലാണ് റാഗിംഗ് എന്നായിരുന്നു കണ്ടെത്തൽ. പിന്നീട് കേസ് വിവാദമായതോടെയാണ് പൊലീസ് കൃത്യമായി നടപടിയെക്കാൻ തയ്യാറായത്. ഒടുവിൽ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ കേസ് സിബിഐക്ക് വിട്ടു.