ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ പോയ വാരം അഭിമുഖത്തിനെത്തിയ ഗൗതം ഗംഭീര്‍ സീനിയര്‍ താരങ്ങളുടെ ഭാവി സംബന്ധിച്ച നിര്‍ണായക ഉപാധികള്‍ മുന്നോട്ടുവെച്ചുവെന്ന് റിപ്പോര്‍ട്ട്. താന്‍ ഇന്ത്യൻ ടീമിന്‍റെ മുഖ്യ പരിശീലകനായാല്‍ അടുത്തവര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയാകും കോലിയും രോഹിത്തും ഇന്ത്യക്കായി കളിക്കുന്ന അവസാന ടൂര്‍ണമെന്‍റെന്ന് ഗംഭീര്‍ ബിസിസിഐ ഉപദേശക സമിതിക്ക് മുമ്പാകെ ഗംഭീര്‍ വ്യക്തമാക്കിയെന്ന് നവഭാരത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇതടക്കം അഞ്ച് പ്രധാന ഉപാധികളാണ് ഗംഭീര്‍ ബിസിസിഐക്ക് മുമ്പാകെ വെച്ചത്.
ഇന്ത്യൻ പരിശീലകനായി ചുമതലയേറ്റാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം തനിക്കായിരിക്കണമെന്നാണ് ഗംഭീര്‍ മുന്നോട്ടുവെച്ച ആദ്യ ഉപാധി. ഇതില്‍ ബിസിസിഐയില്‍ നിന്ന് മറ്റൊരു ഇടപെടലും ഉണ്ടാകരുതെന്നും ഗംഭീര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തന്‍റെ സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നതാണ് ഗംഭീര്‍ മുന്നോട്ടുവെച്ച രണ്ടാമത്തെ ഉപാധി. ഇത് ബിസിസിഐ നേരത്തെ അംഗീകരിച്ചതുമാണ്. ഫീല്‍ഡിംഗ് പരിശീലകനായ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരം ജോണ്ടി റോഡ്സിന്‍റെ സേവനം ലഭിക്കുമോ എന്നും ഗംഭീര്‍ ആരാഞ്ഞിരുന്നു.
മൂന്നാമത്തയും ഏറ്റവും പ്രധാനപ്പെട്ടതുമായ ഉപാധി സീനിയര്‍ താരങ്ങളുടെ ഭാവി സംബന്ധിച്ചാണ്. വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് അടുത്തവര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ആയിരിക്കും അവസാന അവസരമെന്നതാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സീനയര്‍ താരങ്ങളെ കൂട്ടത്തോടെ ടീമില്‍ നിന്നൊഴിവാക്കും. എന്നാല്‍ മൂന്ന് ഫോര്‍മാറ്റില്‍ നിന്നും ഒഴിവാക്കുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
ടെസ്റ്റിനും ഏകദിനത്തിനും ടി20ക്കും പ്രത്യേക ടീമുകള്‍ വേണമെന്നതാണ് ഗംഭീറിന്‍റെ നാലാമത്തെ ഉപാധി. അഞ്ചാമത്തെ ഉപാധി 2027ലെ ഏകദിന ലോകകപ്പിനുള്ള ടീം കെട്ടിപ്പടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നതാണ്. ഇത്തവണ ടി20 ലോകകപ്പില്‍ കിരീടം നേടാനായില്ലെങ്കില്‍ കോലിയുടെയും രോഹിത്തിന്‍റെ ടി20 ഭാവി സംബന്ധിച്ച് ബിസിസിഐ തന്നെ നിര്‍ണായക തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്. അതേസമയം, 2027ലെ ഏകദിന ലോകകപ്പിലും കളിക്കാനുള്ള കോലിയുടെയും രോഹിത്തിന്‍റെയും ശ്രമങ്ങള്‍ മുളയിലേ നുള്ളുന്നതാണ് ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളെന്നും സൂചനയുണ്ട്.