പാടങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ലിന് കാവല്‍ നിന്ന കര്‍ഷകര്‍ രാത്രി കാലങ്ങളിൽ ആനന്ദത്തിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ് കരടി കളിയെന്നാണ് പഴമക്കാരിൽ ചിലർ പറയുന്നത്. ജൻമികുടിയാൻ വ്യവസ്ഥിതിയിൽ കീഴാളരായി കണ്ട ജനതയുടെ പ്രതിരോധമായിരുന്നു കരടി കളിയെന്ന് മറ്റു ചിലർ.
കൊല്ലം: ഓണത്തിന്‍റെ വരവറിയിച്ച് ഇത്തവണയും കൊല്ലം അരിനല്ലൂരില്‍ കരടികള്‍ ഇറങ്ങി. പൂര്‍വികരില്‍ നിന്നും കൈമാറി വന്ന ഓണക്കളിയെ സംരക്ഷിച്ചു നിര്‍ത്താനുള്ള പരിശ്രമത്തിലാണ് പുതുതലമുറ. സമ്പന്നമായ കാര്‍ഷിക സംസ്കാരത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് കരടികളി.
പണ്ട് ഓണമെത്തിയാല്‍ തേവലക്കരയിലെയും അരിനല്ലൂരിലെയും നാട്ടുവഴികള്‍ കരടികളി സംഘങ്ങള്‍ കയ്യടക്കും. ഈര്‍ക്കിലി കളഞ്ഞ തെങ്ങോലയും മുഖംമൂടിയും ധരിച്ച് കരടി വേഷക്കാര്‍. ചായംതേച്ച് തോക്കേന്തി വേട്ടക്കാരന്‍. ഒപ്പം നാട്ടുപാട്ടുമായി താളക്കാരും. ഓരോ വീടുകളിലേക്കും എത്തി കരടി കളിക്കാര്‍ ഓണത്തിന്‍റെ വരവറിയിക്കും. കാലംമാറിയതോടെ കരടികളി സംഘങ്ങള്‍ കുറഞ്ഞു തുടങ്ങി. എന്നാല്‍ തനത് നാടന്‍ കളിയെ നാളേക്ക് വേണ്ടി ചേര്‍ത്തുനിര്‍ത്തുകയാണ് പുതുതലമുറ. കരടികളി മത്സരമായി സംഘടിപ്പിച്ച് പ്രോത്സാഹനം നല്‍കുകയാണ് കോവൂരിലെ ദി കേരള ലൈബ്രറി എന്ന കൂട്ടായ്മ.
പാടങ്ങളില്‍ കൊയ്തുകൂട്ടിയ നെല്ലിന് കാവല്‍ നിന്ന കര്‍ഷകര്‍ രാത്രി കാലങ്ങളിൽ ആനന്ദത്തിന് വേണ്ടി ചിട്ടപ്പെടുത്തിയതാണ് കരടി കളിയെന്നാണ് പഴമക്കാരിൽ ചിലർ പറയുന്നത്. ജൻമികുടിയാൻ വ്യവസ്ഥിതിയിൽ കീഴാളരായി കണ്ട ജനതയുടെ പ്രതിരോധമായിരുന്നു കരടി കളിയെന്ന് മറ്റു ചിലർ. അങ്ങനെ പല വ്യാഖ്യാനങ്ങൾ. ഐതിഹ്യങ്ങൾ മുതല്‍ അനുകാലിക സംഭവങ്ങള്‍ വരെ കരടി പാട്ടില്‍ ഉണ്ടാകും. പാട്ടിനും താളത്തിനും ഒപ്പം കരടികളും വേട്ടക്കാരനും ചുവടുവെക്കും.