ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ പഴുതാര. മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവ്വകലാശാല ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോസ്റ്റലിൽ ഭക്ഷണം പാകം ചെയ്യുന്നതെന്നും സർവ്വകലാശാലയിലെ മലയാളി വിദ്യാർത്ഥികൾ ട്വൻ്റി ഫോറിനോട് പറഞ്ഞു.
ഹോസ്റ്റലിൽ ഇന്നലെ രാത്രി വിളമ്പിയ ഭക്ഷണത്തിലാണ് പഴുതാരയെ കണ്ടെത്തിയത്.പിന്നാലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി.സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ കണ്ടത് ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ നിലയിൽ.നേരത്തെയും ഭക്ഷണത്തിൽ നിന്ന് പാറ്റകളെ കണ്ടെത്തിയിട്ടുണ്ടെന്ന് ഹോസ്റ്റലിലെ മലയാളി വിദ്യാർത്ഥി ട്വൻ്റി ഫോറിനോട് പറഞ്ഞു.അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ലെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരാതിപ്പെട്ടാൽ സർവ്വകലാശാല പ്രതികാരം നടപടി സ്വീകരിക്കുമെന്നും ആരോപിക്കുന്നു. പ്രതിമാസം മെസ് ഫീസായി വിദ്യാർത്ഥികൾ 2700 അടയ്ക്കാറുണ്ട്.ഹോസ്റ്റലിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാനും അധികൃതർ അനുവദിക്കാറില്ല.ഇതേ സർവ്വകലാശാലയിൽ നിന്ന് മലയാളി വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത വിവേചനം നേരത്തെയും വാർത്തയായിരുന്നു.