ഷാരൂഖ് ഖാനെ കാണുമെന്ന പ്രതീക്ഷയിൽ 95 ദിവസമായി വീടിന് പുറത്ത് കാത്തിരുന്ന ആരാധകനെ ചേർത്ത് നിർത്തി ഷാരൂഖ് ഖാൻ. ജാർഖണ്ഡിൽ നിന്നുള്ള ഒരു ആരാധകനെ ജന്മദിന വേളയില്‍ കണ്ടുമുട്ടി ഷാരൂഖ് ഖാൻ. സ്വന്തം നാട്ടില്‍ കമ്പ്യൂട്ടർ സെന്‍റര്‍ നടത്തുന്ന ആരാധകന്‍ ഷോപ്പ് അടച്ചാണ് ഷാരൂഖ് ഖാനെ കാണാൻ ജാർഖണ്ഡിൽ നിന്ന് എത്തിയത്. ഏകദേശം 95 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ഷാരൂഖ് അദ്ദേഹത്തെ കാണുകയും അദ്ദേഹത്തോടൊപ്പം ഒരു ചിത്രം എടുക്കാനും തയ്യാറായത്. ഈ ചിത്രം വൈറലായിട്ടുണ്ട്.
സുരക്ഷാ നടപടികൾ കാരണം ഇത്തവണ ഷാരൂഖിന്‍റെ ജന്മദിനത്തില്‍ ആരാധകർക്ക് മുംബൈയിലെ അദ്ദേഹത്തിന്‍റെ വസതിയായ മന്നത്തിന് പുറത്ത് ഒത്തുകൂടാൻ കഴിഞ്ഞില്ല. പതിവ് പോലെ ആരാധകരെ അഭിവാദ്യം ചെയ്യാന്‍ ഷാരൂഖ് എത്തിയതുമില്ല. അതേ സമയം കുടുംബത്തിനൊപ്പം ഷാരൂഖ് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
അതേ സമയം ജന്മദിനത്തില്‍ താന്‍ എന്നെക്കുമായി പുകവലി ശീലം ഉപേക്ഷിച്ചതായി കിംഗ് ഖാന്‍ പ്രഖ്യാപിച്ചു. ഇത് വലിയതോതിലാണ് സോഷ്യല്‍ മീഡിയ ആഘോഷിച്ചത്. പല പ്രമുഖരും ഈ തീരുമാനത്തില്‍ ഷാരൂഖാനെ അഭിനന്ദിച്ച് രംഗത്ത് എത്തി.