ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ ജന്മശതാബ്ദി വര്‍ഷത്തിന് ഇന്ന് തുടക്കം. അധ്യാപകനും പ്രഭാഷകനും വിമര്‍ശകനും എഴുത്തുകാരനുമായ സുകുമാര്‍ അഴീക്കോട് അനീതിക്കെതിരെ ശബ്ദിക്കാന്‍ തലമുറകളെ പ്രചോദിപ്പിച്ചു. നിലപാടുകളിലെ വ്യക്തതയിലൂടെയും ധാര്‍ഷ്ഠ്യത്തിലൂടെയും മലയാളി ധാര്‍മ്മികതയുടെ മുഖമായി മാറി. (Sukumar Azhikode birth anniversary)
കണ്ണൂര്‍ അഴീക്കോട് അധ്യാപകനായിരുന്ന പി ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും ആറ് മക്കളില്‍ നാലാമനായി 1926 മേയ് 12-നാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് ജനിച്ചത്. മലയാളത്തിലും സംസ്‌കൃതത്തിലും ബിരുദാനന്തര ബിരുദം നേടി. വിവിധ കോളെജുകളില്‍ അധ്യാപകനായശേഷം കലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ മലയാള വിഭാഗം തലവനായും പ്രോ വൈസ് ചാന്‍സലറായും ആക്ടിങ് വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു. നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്‍മാനും കേന്ദ്ര- കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗവുമായി. 1961-ല്‍ തലശ്ശേരിയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ആശാന്റെ സീതാകാവ്യം, മലയാള സാഹിത്യവിമര്‍ശനം, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, തത്ത്വമസി, ഭാരതീയത, അഴീക്കോടിന്റെ ലേഖനങ്ങള്‍, ഗുരുവിന്റെ ദുഖം തുടങ്ങി നിരവധി കൃതികള്‍ ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റേതായിട്ടുണ്ട്. 2012 ജനുവരി 24ന് തന്റെ 85-ാം വയസ്സിലാണ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് വിടവാങ്ങിയത്. ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന് ജന്മശതാബ്ദി വര്‍ഷത്തില്‍ ട്വന്റിഫോറിന്റെ ആദരം.









