നിയമസഭ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ആദ്യഘട്ടത്തില്‍ പട്ടികയില്‍ 50 ലേറെ സ്ഥാനാര്‍ഥികള്‍ ഉണ്ടാകുമെന്നാണ് സൂചന. കണ്ണൂരില്‍ കെ സുധാകരനെ മത്സരിപ്പിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചു. ഇന്ന് രാഹുല്‍ ഗാന്ധിയുമയും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
രാവിലെ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷം പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം നേതാക്കള്‍ ഡല്‍ഹിയിലെത്തി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹൈക്കമാന്‍ന്റുമായുള്ള ചര്‍ച്ചയ്ക്കായി കെ സുധാകരനും ഇന്ന് ഡല്‍ഹിയിലെത്തുമെന്ന് വിവരമുണ്ടായിരുന്നു. സീറ്റ് വേണമെന്ന് നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരനുമായി നേതാക്കള്‍ ഇന്ന് ചര്‍ച്ച നടത്താനായിരുന്നു നീക്കം. എംപിമാര്‍ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം ഉണ്ടായേക്കും.
അതിനിടെ, സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരവാഹി ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹികളുമായുള്ള ചര്‍ച്ച അവസാനിച്ചതോടെ ജില്ലാ ഭാരവാഹികളുമായാണ് ഇന്ന് കൂടിക്കാഴ്ച നടക്കുക. ഓരോരുത്തരേയും വെവ്വേറെ കണ്ടാണ് സാദിഖലി തങ്ങള്‍ വിവരം തേടുന്നത്. മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം ഉണ്ടാകും. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വെങ്ങരയില്‍ കെ.എം ഷാജിയേ മത്സരിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തിരുവമ്പാടി കോണ്‍ഗ്രസിന് നല്‍കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും തീരുമാനം ആയിട്ടുണ്ട്.
അതേസമയം, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫും എന്‍ഡിഎയും പ്രചാരണമാരംഭിച്ചു. ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ റോഡ് ഷോകള്‍ പൂര്‍ത്തിയാക്കി മണ്ഡലത്തിലെ പ്രധാന വ്യക്തികളെ കാണുന്ന തിരക്കിലേക്ക് കടന്നു. അതിനിടെയാണ് മണ്ഡലങ്ങളില്‍ ഒറ്റപേരില്‍ എത്താന്‍ കഴിയാതെ യുഡിഎഫ് പട്ടിക വൈകുന്നത്. തിരുവനന്തപുരത്ത് ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനറായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഇന്നിറങ്ങും. കാട്ടാക്കട ബിജെപി സ്ഥാനാര്‍ഥി പികെ കൃഷ്ണദാസിന്റെ തെരഞ്ഞെടുപ്പ് കാര്യാലയം സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. പട്ടിക പൂര്‍ത്തിയാകാത്തതിനാല്‍ മറ്റു മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തുടങ്ങും. ഉച്ച കഴിഞ്ഞ് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന മുഖ്യമന്ത്രി റോഡ് ഷോ നടത്തും. മട്ടന്നൂരില്‍ നിന്നും പിണറായിയിലേക്ക് ആണ് റോഡ് ഷോ. പിണറായിയില്‍ ആദ്യ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി പ്രസംഗിക്കും. നാളെ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കും. ആദ്യ ഘട്ടത്തില്‍ മൂന്ന് ദിവസം മുഖ്യമന്ത്രി കണ്ണൂരില്‍ ഉണ്ടാകും.






