സ്വകാര്യ മേഖലയിലെ നഴ്സ്മാരുടെ അടിസ്ഥാന ശമ്പളം നാൽപ്പതിനായിരം രൂപ ആക്കുന്നത് വരെ സമരം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. കോഴിക്കോട് നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷം തുടർ തീരുമാനം എന്നും സംഘടന അറിയിച്ചു. അടിസ്ഥാന ശമ്പളം 28000 രൂപയാക്കിയുള്ള വിജ്ഞാപനം ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് തീരുമാനം.(UNA strike will continue until the basic salary increase)
800 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ അടിസ്ഥാന ശമ്പളം നാൽപതിനായിരം രൂപയാക്കുമെന്ന് സർക്കാർ പറയുന്നു. നഴ്സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കും. എല്ലാ സ്വകാര്യ ആശുപത്രി ജീവനക്കാർക്കും ശമ്പളപരിഷ്കരണം. എന്നാൽ എല്ലാ സ്വകാര്യ ആശുപത്രികളിലും അടിസ്ഥാന ശമ്പളം 40,000 രൂപയായി ഉയർത്തണമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ ആവശ്യം.
ശമ്പള വർധനവിനായി സ്വകാര്യ ആശുപത്രി നഴ്സസിന്റെ സമരം തുടരുന്നതിനിടെയാണ് അടിസ്ഥാന ശമ്പളം പരിഷ്കരിക്കാൻ സർക്കാർ തീരുമാനമായത്. മിനിമം വേതനവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിറക്കിയില്ലെങ്കിൽ തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചക്കകം മിനിമം വേതനക്കാര്യത്തിൽ സർക്കാർ ഉത്തരവ് ഇറക്കണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.







