തിരുനെല്‍വേലി മാലിന്യം നീക്കല്‍ ദൗത്യം നാളെയും തുടരും. രണ്ടിടങ്ങളില്‍ ഇനിയും മാലിന്യം നീക്കം ചെയ്യാനുണ്ട്. രാത്രിയായതിനാല്‍ ഇന്നത്തേക്ക് അവസാനിപ്പിച്ചു. നാല് ലോഡ് മാലിന്യം കൂടി നീക്കം ചെയ്യാന്‍ ഉണ്ടെന്നാണ് കണക്കുകൂട്ടല്‍. നാളെ രാവിലെ ദൗത്യം തുടരും. കൊണ്ടാനഗരം, പളവൂര്‍ എന്നിവിടങ്ങളിലാണ് ഇനി പൂര്‍ത്തിയാകാന്‍ ഉള്ളത്.
തിരുനെല്‍വേലിയിലെ കല്ലൂര്‍,പളവൂര്‍,കൊണ്ടാനഗരം പഞ്ചായത്തുകളിലാണ് ഒരു മാസത്തിനിടയില്‍ പതിനൊന്ന് ഇടങ്ങളില്‍ മാലിന്യ കൂമ്പാരം പ്രത്യക്ഷപ്പെട്ടത്. സംഭവം ദേശീയ ഹരിത ട്രൈബ്യൂണല്‍ കയറിയതോടെ മാലിന്യം സ്വന്തം നിലയില്‍ കേരളം മാറ്റണമെന്നു ഉത്തരവ്. ഹരിത ട്രൈബ്യൂണല്‍ നല്‍കിയ സമയപരിധി അവസാനിക്കാനിരിക്കെയായിരുന്നു ഇന്ന് കേരള സര്‍ക്കാരിന്റെ ആക്ഷന്‍ പ്ലാന്‍. തമിഴ്‌നാട് സര്‍ക്കാരിന്റെ സഹായത്തോടെ മാലിന്യം നീക്കാന്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ തന്നെ തിരുനെല്‍വേലിയില്‍ എത്തിയിരുന്നു.
കേരളത്തില്‍ നിന്നുള്ള 70 അംഗ ഉദ്യോഗസ്ഥ സംഘം 16 ലോറികളികളുമായെത്തിയാണ് മാലിന്യം നീക്കം ചെയ്തത്. മണ്ണുവാരി യന്ത്രം ഉപയോഗിച്ചാണ് മാലിന്യം ലോറിയിലേക്കു മാറ്റി വലിയ ടാര്‍പോളിന്‍ ഉപയോഗിച്ചു മൂടിയാണ് കൊണ്ടുപോയത്. അസിസ്റ്റന്റ് കലക്ടര്‍ സാക്ഷി മോഹന്‍ മാലിന്യ നീക്കത്തിനു മേല്‍ നോട്ടം വഹിച്ചു.തമിഴ്‌നാട്ടിലെ ആരോഗ്യ,പഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. കേരളത്തിലേക്ക് കൊണ്ട് പോകുന്ന മാലിന്യങ്ങളില്‍ ബയോ വേസ്റ്റുകള്‍ സ്‌കേലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ക്‌ളീന്‍ കേരളയും സംസ്‌കരിക്കും.