
ചരിത്രം രചിച്ച് ആദ്യമായി ടാന്‍സാനിയ അണ്ടര്‍-19 ലോക കപ്പിന് യോഗ്യത നേടി. 2026-ല്‍ സിംബാബ്വെയിലാണ് 16-ാമത് അണ്ടര്‍-19 ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. സിംബാബ്വെയാണ് ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ലാഗോസിലെ യുണിലാഗ് ക്രിക്കറ്റ് ഓവലില്‍ നടന്ന ഐസിസി പുരുഷ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരത്തില്‍ സിയറ ലിയോണിനെതിരെ 98 റണ്‍സിന്റെ സമഗ്ര വിജയമാണ് ടാന്‍സാനിയ നേടിയത്. കിഴക്കന്‍ ആഫ്രിക്കന്‍ ടീമായ ടാന്‍സാനിയയുടെ അഞ്ചാം വിജയമായിരുന്നു ഇത്.
അവസാന മത്സരത്തില്‍ കൂടി വിജയിച്ചാല്‍ മാത്രമെ യോഗ്യത ലഭിക്കുകയുള്ളു എന്നതിനാല്‍ തന്നെ ടാന്‍സാനിയ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ മത്സരത്തിലുടനീളം തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് എതിരാളികളായ സിയറ ലിയോണിനെ ടാന്‍സാനിയന്‍ താരങ്ങള്‍ സമര്‍ദ്ദത്തിലാക്കുന്നതാണ് പിന്നീട് കണ്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടാന്‍സാനിയ ആയിരുന്നു. ക്യാപ്റ്റന്‍ ലക്ഷ് ബക്രാനിയ 82 പന്തില്‍ നിന്ന് 53 റണ്‍സ് നേടി മുന്നില്‍ നിന്ന് നയിച്ചു. 49.4 ഓവറില്‍ 179 റണ്‍സിന് ടാന്‍സാനിയയുടെ എല്ലാവരും പുറത്തായി. അഗസ്റ്റിനോ മ്വാമെലെ 43 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇറങ്ങിയ സിയറ ലിയോണ്‍ താരങ്ങള്‍ക്ക് 14.4 ഓവറില്‍ 60 റണ്‍സ് നേടാനാണ് സാധിച്ചത്. ടാന്‍സാനിയയുടെ ഹംസ അലി ഒനായി 24 റണ്‍സ് മാത്രം വിട്ടു നല്‍കി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബക്രാനിക്കും രണ്ട് വിക്കറ്റുകള്‍ ഉണ്ട്. ”എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ചരിത്രത്തില്‍ നമ്മള്‍ ആദ്യമായി നമ്മള്‍ ലോകകപ്പിന് യോഗ്യത നേടിയത് അവിശ്വസനീയമാണ്”. വിജയത്തിനുശേഷം ടാന്‍സാനിയ നായകന്‍ ലക്ഷ് ബക്രാനി പ്രതികരിച്ചു.
യോഗ്യതാ മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ടാന്‍സാനിയ മുന്നേറിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ടീമിന് 10 പോയന്റുണ്ട്. നമീബിയക്ക് എട്ടുപോയന്റും കെനിയക്ക് ആറുപോയന്റുമാണുള്ളത്. ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന 12-ാമത്തെ ടീമാണ് ടാന്‍സാനിയ. ആതിഥേയരായി യോഗ്യത നേടിയ സിംബാബ്വെയാണ് ആഫ്രിക്കയില്‍ നിന്ന് അണ്ടര്‍ 19 ലോക കപ്പില്‍ കളിക്കുന്ന മറ്റൊരു രാജ്യം. ഒപ്പം ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളും മാറ്റുരക്കും. അണ്ടര്‍ 19 ലോക കപ്പ് ചരിത്രത്തില്‍ ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന 32-ാമത്തെ ടീമായി ടാന്‍സാനിയ മാറി. 2020 പതിപ്പില്‍ ജപ്പാനും നൈജീരിയയും ആദ്യമായി കളിച്ചിരുന്നു.