
100 കോടി ക്ലബ്ബിൽ കയറിയ ഉണ്ണി മുകുന്ദന്റെ ആക്ഷൻ ത്രില്ലർ ചിത്രം മാർക്കോയിലെ വയലൻസ് രംഗങ്ങൾ കണ്ടിരിക്കാൻ സാധിച്ചില്ലായെന്ന് ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ. ചിത്രം റിലീസായ സമയം ചിത്രത്തെ പ്രകീത്തിച്ചുകൊണ്ട് സംവിധായകൻ എക്‌സിൽ പങ്കുവെച്ച പോസ്റ്റ് രാജ്യമാകെ ചർച്ചയായിരുന്നു.
ഗലാട്ട തെലുങ്കുവിന് നൽകിയ അഭിമുഖത്തിൽ സിനിമയ്ക്കുള്ളിലെ വയലൻസിനെ പറ്റി വാചാലനാകുകയായിരുന്നു രാം ഗോപാൽ വർമ്മ. “ഞാൻ എന്റെ സിനിമകളിൽ വളരെയധികമൊന്നും വയലൻസ് കാണിക്കാത്ത ഒരാളാണ്. രക്തച്ചൊരിച്ചിൽ ഒന്നും എന്റെ ചിത്രങ്ങളിൽ അധികം കാണാൻ കഴിയില്ല. എന്നിട്ടും അവയൊക്കെ വളരെ വയലന്റ് ആണെന്ന് ആളുകൾ പറയാറുണ്ട്. എന്റെ സാമാന്യബുദ്ധിക്ക് വയലന്റ് ആണെന്ന് തോന്നുന്നവ മാത്രമേ ഞാൻ നിർമ്മിക്കുകയും ആസ്വദിക്കുകയും ചെയ്യാറുള്ളു. എന്നാൽ മാർക്കോ സിനിമയിലെ വയലൻസൊന്നും എനിക്കൊട്ടും കണ്ടിരിക്കാൻ സാധിച്ചതേയില്ല” രാം ഗോപാൽ വർമ്മ പറയുന്നു.
മാർക്കോ നോർത്ത് ഇന്ത്യൻ ബോക്സോഫീസിലും ചലനമുണ്ടാക്കിയ സമയം എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ രാം ഗോപാൽ പറഞ്ഞത്, “ഇത്ര ഞെട്ടിപ്പിക്കുന്നത്ര പുകഴ്ത്തലുകൾ ഒരു സിനിമയ്ക്ക് ഇതിന് മുൻപ് ലഭിക്കുന്നത് കേട്ടിട്ടേയില്ല, ചിത്രം കാണാൻ അതിയായി ആഗ്രഹിക്കുന്നു” എന്നാണ്. രാം ഗോപാൽ വർമ്മയുടെ പോസ്റ്റും ചിത്രം ഉത്തരേന്ത്യയിൽ ജനശ്രദ്ധ നേടാനുള്ള കാരണങ്ങളിലൊന്നായിരുന്നു.
താൻ കണ്ടിട്ടുള്ള സിനിമകളിൽ ഏറ്റവും മനസ്സിനെ ബാധിച്ചിട്ടുള്ള വയലൻസ് രംഗം 2002 റിലീസ് ചെയ്ത ‘ഇറെവെഴ്സിബിൾ’ എന്ന ഫ്രഞ്ച് ചിത്രത്തിലേതാണെന്നാണ് രാം ഗോപാൽ വർമ്മ പറഞ്ഞത്. അതിലെ വിവരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു രംഗം കണ്ട് താൻ നടുങ്ങി പോയി. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ മനസിലാക്കുമ്പോഴും അതിന്റെ പരിധി നിശ്ചയിക്കേണ്ട ‘വര; എവിടെ വരയ്ക്കണം എന്നതും ഒരു ചോദ്യമാണ് എന്നും രാം ഗോപാൽ വർമ്മ പറഞ്ഞു.