![](https://sakhionline.in/wp-content/uploads/2025/01/WhatsApp-Image-2025-01-22-at-1.38.31-PM-1.jpeg)
തുടർച്ചയായി, നിരൂപക പ്രശംസയും, വാണിജ്യ മൂല്യവും ഉള്ള ചിത്രങ്ങളിൽ അഭിനയിച്ച്, 2024 തന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമാക്കി മാറ്റിയിരുന്നു ആസിഫ് അലി. തലവൻ,അഡിയോസ് അമിഗോസ്,ലെവൽ ക്രോസ്സ്,കിഷ്ക്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് നേടിയെടുത്ത വിജയം ഈ വർഷത്തെ തന്റെ ആദ്യ റിലീസായ രേഖാചിത്രത്തിലൂടെയും ആവർത്തിക്കുകയാണ്. ജനുവരി 9 ന് റിലീസായ ചിത്രം 12 ദിവസങ്ങൾ കൊണ്ട് 50 കോടിയിലധികം രൂപ കളക്റ്റ് ചെയ്തു കഴിഞ്ഞു എന്നാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആസിഫ് അലി തന്നെയാണ് വാർത്ത പങ്കു വെച്ചത്. ” രേഖാചിത്രം 50 കോടിയെന്ന മാന്ത്രിക സംഖ്യയിൽ തൊട്ടിരിക്കുകയാണ്, ഇത് ഞങ്ങൾ സ്വപ്നം കണ്ടതിനും അപ്പുറമാണ്,സ്നേഹത്തിനും പിന്തുണക്കും നന്ദി” എന്നാണ് ആസിഫ് അലി പോസ്റ്റിനു കീഴിൽ കുറിച്ചിരിക്കുന്നത്. രേഖാചിത്രം ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റർ മലയാള ചിത്രവും ആണ്. ആസിഫ് അലിയുടെ ഇതിനു മുൻപ് റിലീസായ കിഷ്കിന്ധാ കാണ്ഡവും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഗണത്തിൽ ഒരുക്കിയ ചിത്രത്തിന്റെ പ്രമേയം കാതോട് കാതോരം എന്ന മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടാകുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റിന്റെ തിരോധാനവും തുടർന്ന് നടക്കുന്ന പോലീസ് അന്വേഷണവും ആണ്. യാഥാർഥ്യവും സങ്കൽപ്പവും ആയ
സംഭവങ്ങളെ ഇടകലർത്തി സിനിമ നിർമ്മിക്കുന്ന സമീപനം ആയ ആട്ടർനേറ്റീവ് ഹിസ്റ്ററി ജോണർ ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. രേഖാചിത്രത്തിൽ AI സാങ്കേതിക വിദ്യ ഉപയോഗിച്ച് മമ്മൂട്ടിയുടെ ചെറുപ്പമുള്ള രൂപം പുനർസൃഷ്ടിച്ചത് വലിയ ചർച്ചയായിരുന്നു.