ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയ ഇന്ത്യ ഇന്ന് പുതിയ കാർ അവതരിപ്പിക്കും. സോണറ്റിനും സെൽറ്റോസിനും ഇടയിലുള്ള മോഡലായിട്ടാണ് സിറോസ് എത്തുന്നത്. ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025ലായിരിക്കും വാഹനത്തിന്റെ ഇന്ത്യയിലെ ലോഞ്ച്. വിശാലമായ ഇന്റീരിയറും ഫീച്ചറുകളാൽ സമ്പന്നവുമാണ് കിയ സിറോസ്.
ഡിസൈൻ സവിശേഷതകൾ കൂടുതൽ പരസ്യമാക്കുന്ന ടീസറാണ് കിയ പുറത്തുവിട്ടിരുന്നു. കുത്തനെയുള്ള എൽഇഡി ഹെഡ്ലാംപുകളും ഡിആർഎല്ലുകളും എടുത്തുകാണിക്കുന്നുണ്ട് മുൻഭാഗത്ത്. അതേസമയം വശങ്ങളിലെ ഫ്ളഷ് ഫിറ്റിങ് ഡോർ ഹാൻഡിലും ചതുരാകൃതിയിലുള്ള വീൽ ആർക്കുകളും നീണ്ട റൂഫ് റെയിലുകളും ബ്ലാക്ഡ് ഔട്ട് സി പില്ലറുകളുമെല്ലാമാണ് മറ്റു ഡിസൈൻ സവിശേഷതകൾ. ഒമ്പതു മുതൽ 17 ലക്ഷം രൂപ വരെയാണ് പ്രതീക്ഷിക്കുന്ന വില.
വലിയ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, വയർലെസ് ചാർജർ, ടൈപ്പ് സി ചാർജിങ് പോർട്ട്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് പ്രധാന ഇന്റീരിയർ ഫീച്ചറുകൾ. പാസഞ്ചർ സേഫ്റ്റിയുടെ കാര്യത്തിൽ, സെൽറ്റോസിൽ കണ്ടതിന് സമാനമായി കിയ സിറോസിന് 6 എയർബാഗുകളും ലെവൽ -2 ADAS സ്യൂട്ടും ലഭിക്കും. ജ്യോമെർട്രിക്കൽ രൂപകൽപനയുള്ള 17 ഇഞ്ച് അലോയി വീലുകൾ, ഉയരമുള്ള റൂഫ് റെയിലുകൾ, ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ചങ്കി B പില്ലറുകൾ, ബ്ലാക്ക് ബോഡി ക്ലാഡിംഗുകൾ എന്നിവ വാഹനത്തിന് ലഭിക്കും.
സോണറ്റിന്റെ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിനും 1.5 ലീറ്റർ ഡീസൽ എൻജിനുമാണ് സിറോസിലെ പവർട്രെയിൻ ഓപ്ഷനുകൾ. മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ. ആറു വകഭേദങ്ങൾ സിറോസിനുണ്ടാവും. ഉയർന്ന വകഭേദത്തിലാവും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുണ്ടാവുക. ബേസ്, മിഡ് വേരിയന്റുകളിൽ മാനുവൽ ട്രാൻസ്മിഷനുകളുണ്ടാവും.
EV3, K4 പോലുള്ള സമീപകാല കിയ വാഹനങ്ങളിൽ നാം ഇതിനോടകം കണ്ട ചില ഇൻ്റീരിയർ ഡിസൈൻ ഘടകങ്ങളും എലമെന്റുകളും ഇതിൽ ഉൾക്കൊള്ളുന്നു എന്നത് ടീസറുകളിൽ പ്രകടമാണ്. രൂപകല്പനയിലും സ്റ്റൈലിംഗിലും സവിശേഷമായ സമീപനം സ്വീകരിക്കുന്ന സിറോസ് എസ്‌യുവി ഇന്ത്യ കാത്തിരിക്കുന്ന ഒരു മോഡലാണ്.