![](https://sakhionline.in/wp-content/uploads/2025/01/SAIF-ALI-KHAN-5.jpg)
ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ പട്ടൗഡി കുടുംബ ഉടമസ്ഥതയില്‍ ഭോപ്പാലിലുള്ള 15,000 കോടി രൂപയുടെ സ്വത്ത് ഏറ്റെടുക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് മുന്നില്‍ വഴിതുറന്നു. സെയ്ഫ് അലി ഖാന്റെ ഹര്‍ജിയില്‍ 2015ല്‍ ഏര്‍പ്പെടുത്തിയ സ്റ്റേ മധ്യപ്രദേശ് ഹൈക്കോടതി നീക്കി. 1968ലെ എനിമി പ്രോപ്പര്‍ട്ടി ആക്ട് അനുസരിച്ച് സ്വത്ത് ഏറ്റെടുക്കാന്‍ ആണ് മധ്യപ്രദേശ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. [ Saif Ali Khan]
വിഭജനകാലത്ത് പാകിസ്താന്‍ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെയാണ് എനിമി പ്രോപ്പര്‍ട്ടിയായി പ്രഖ്യാപിക്കുന്നത്. എനിമി പ്രോപ്പര്‍ട്ടി നിയമപ്രകാരം ഇന്ത്യ വിഭജനത്തിന് ശേഷം പാകിസ്താനിലേക്ക് കുടിയേറിയവരുടെ സ്വത്തില്‍ സര്‍ക്കാരിന് അവകാശം ഉന്നയിക്കാം. 2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടീസ് നല്‍കിയത്.
ഭോപ്പാലില്‍ കൊഹേഫിസ മുതല്‍ ചിക്ലോദ് വരെ നീണ്ടുകിടക്കുന്നതാണ് ചരിത്രപ്രാധാന്യമുള്ള സ്വത്തുവകകള്‍. 1950-ല്‍ ഭോപ്പാല്‍ നാട്ടുരാജ്യത്തിന്റെ അവസാന ഭരണാധികാരിയായിരുന്ന ഹമീദുള്ള ഖാന്റെ മൂത്ത മകള്‍ ആബിദ സുല്‍ത്താന്‍ പാകിസ്താനിലേക്ക് കുടിയേറിയിരുന്നു. ഹമീദുള്ള ഖാന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ താമസിച്ചു. സാജിദ സുല്‍ത്താന്റെ ചെറുമകനാണ് സെയ്ഫ് അലി ഖാന്‍. ആബിദ സുല്‍ത്താന്‍ പാകിസ്താനിലേക്ക് കുടിയേറിയത് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ നീക്കം.