ഓണം ബംബര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഇതിനിടയില്‍ ഓണം ബംബര്‍ ലോട്ടറി മോഷ്ടിച്ചതായി പരാതിയുമായി രംഗത്തെത്തിരിക്കുകയാണ് തൃശ്ശൂര്‍ സ്വദേശി. വീട്ടില്‍ സൂക്ഷിച്ചിരുന്ന 40 ഓണം ബംബര്‍ ലോട്ടറി മോഷണം പോയി എന്ന പരാതിയുമായി പുത്തൂര്‍ സ്വദേശി രമേഷ് കുമാറാണ് പോലീസില്‍ പരാതി നല്‍കിയത്.
രമേഷ് കുമാറിന്റെ കയറിക്കിടക്കാന്‍ ഉള്ള വീടടക്കമുള്ള സ്വത്തുക്കള്‍ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ജപ്തി ഭീഷണിയിലാണ്. റിക്കവറി നടപടികള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കെ അവസാന പ്രതീക്ഷയെന്ന നിലയിലാണ് 40 ലോട്ടറികള്‍ ഒരു മാസത്തെ ശമ്പളം മുടക്കി വാങ്ങിയത്. ഭാഗ്യദേവത കടാക്ഷിച്ചാല്‍ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരമാകുമെന്ന കണക്കുകൂട്ടലില്‍.
എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ലോട്ടറികള്‍ അഞ്ചാം തീയതി നോക്കുമ്പോള്‍ കാണാനില്ല. വീടു മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ടിക്കറ്റുകള്‍ മോഷണം പോയെന്ന് കാട്ടി രമേഷ് കുമാര്‍ ഒല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്. ഹോള്‍സെയില്‍ ഷോപ്പില്‍ നിന്ന് ലോട്ടറി വാങ്ങിയതിന്റെ ബില്‍ വിവരങ്ങള്‍ അടക്കമാണ് പോലീസില്‍ പരാതി നല്‍കിയത്. തന്നെ അടുത്തറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് രമേശിന്റെ ആരോപണം.